കള്ളപ്പണം വെളുപ്പിക്കല്‍; 18 സഹകരണ ബാങ്കുകള്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി
Friday, January 31, 2025 2:44 AM IST
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 18 സഹകരണ ബാങ്കുകള്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ എത്ര സഹകരണ ബാങ്കുകള്‍ക്കെതിരേ ഇഡി അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിക്കണമെന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശപ്രകാരമാണ് ഇഡി കൊച്ചി സോണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. വിനോദ് കുമാര്‍ സത്യവാങ്മൂലം നല്‍കിയത്. നിക്ഷേപം തിരിച്ചുനല്‍കാത്ത സഹകരണ ബാങ്കുകള്‍ അടച്ചുപൂട്ടണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കേസിന്റെ വിവരങ്ങള്‍ നല്കാന് ഇഡിയോടു കോടതി നിര്‍ദേശിച്ചിരുന്നത്.
മാവേലിക്കര, തുമ്പൂര്‍, നടക്കല്‍, അയ്യന്തോള്‍, മൂന്നിലവ്, കണ്ടല, ബിഎസ്എന്‍എല്‍ എന്‍ജിനിയറിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചാത്തന്നൂർ, മൈലപ്ര, കോന്നി, മറിയമുട്ടം, കരുവന്നൂര്‍, ഇടമുളയ്ക്കല്‍, കൊല്ലൂര്‍വിള, ആനക്കയം, മുഗു, തെന്നല, പുല്‍പ്പള്ളി എന്നീ സഹകരണ ബാങ്കുകള്‍ക്കെതിരേയാണ് അന്വേഷണം. 18 സഹകരണ ബാങ്കുകളിലും നിയമവിരുദ്ധമായി വായ്പകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇഡി വിശദീകരിച്ചു.
ഈടായി നല്കിയ സ്വത്തിന് അധികമൂല്യം കണക്കാക്കി വലിയ തുക വായ്പ അനുവദിച്ചിട്ടുണ്ട്. ഒരേ വസ്തുവിന്റെ പണയത്തിന്മേല് ഒന്നിലേറെ വായ്പകള്‍ നല്കിയ കേസുകളുമുണ്ട്. സഹകരണസംഘത്തിന്റെ പരിധിക്കു പുറത്തും അര്‍ഹതയില്ലാത്തവര്‍ക്ക് വായ്പ നല്കി.
വായ്പകള്‍ കുടിശികയായിട്ടും റിക്കവറി നടപടികള്‍ സ്വീകരിക്കുന്നില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍തന്നെ സഹകരണ ബാങ്കിന്റെ ഔദ്യോഗിക ചുമതല വഹിക്കുന്നുമുണ്ടെന്നുമാണ് ഇഡിയുടെ വിശദീകരണം.