കൃത്രിമ അസ്ഥി വികസിപ്പിച്ച് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്
Saturday, February 1, 2025 1:53 AM IST
തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ്സിടിഐഎംഎസ് ടി) അണുബാധകളെ ചെറുത്ത് അസ്ഥികളെ പുനരുജ്ജീവിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വികസിപ്പിച്ചതായി ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗം തലവന്‍ ഡോ. ഹരികൃഷ്ണ വര്‍മ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അണുബാധ സംഭവിച്ചവര്‍ക്കും അപകടങ്ങളില്‍പ്പെട്ടവര്‍ക്കും എല്ല് നീക്കം ചെയ്യേണ്ടതരത്തില് ഗുരുതരപ്രശ്നങ്ങള്‍ വരുമ്പോള്‍ കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലുള്ള കൃത്രിമ അസ്ഥിയാണ് ഇത്.
അസ്ഥികളിലെ അണുബാധ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് അസ്ഥിയെടുത്ത് ഘടിപ്പിക്കുന്നതാണ് ഇപ്പോഴുള്ള രീതി. ഇതിനു പരിഹാരമായാണു പുതിയ കണ്ടെത്തല്‍.
ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ ഗവേഷണസംഘം വികസിപ്പിച്ച ബോണിക്സ്, കാസ്പ്രോ എന്നീ ഉത്പന്നങ്ങള്‍ മീററ്റിലെ ഒനീക്സ് മെഡിക്കല്‍സ് എന്ന കമ്പനിയാണ് ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്.
ന്യൂറോസര്‍ജറി വിഭാഗം പ്രഫസര്‍ എച്ച്.വി. ഈശ്വര്‍, സയിന്റിസ്റ്റുമാരായ ഡോ. മനോജ് കോമത്ത്, ഡോ.ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.