പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി; അമ്മാവൻ അറസ്റ്റിൽ
Friday, January 31, 2025 2:44 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാർ അറസ്റ്റിൽ. ഇന്നലെ രാവിലെ ആറോടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെത്തുടർന്ന് കുട്ടിയുടെ വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കെതിരേ തെളിവില്ലാത്തതിനാൽ തത്കാലം വിട്ടയച്ചു.
ബാലരാമപുരം കോട്ടുകാൽകോണം സ്വദേശി ശ്രീജിത്ത്-ശ്രീതു ദന്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്നലെ രാവിലെ വാടകവീട്ടിലെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ കാണാനില്ലെന്നു കാട്ടി ശ്രീതുവും ബന്ധുക്കളും പുലർച്ചെ അഞ്ചരയോടെ ബാലരാമപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു പോലീസും ഫയർഫോഴ്സ് സംഘവും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറ്റിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ശ്രീതു, ശ്രീജിത്ത് എന്നിവരെ കൂടാതെ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറും അമ്മയും ഈ വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. ശ്രീതുവിന്റെ അച്ഛൻ മരിച്ചിട്ട് പതിനാറു ദിവസം ഇന്നലെ പൂർത്തിയായി. അതിന്റെ മരണാനന്തരചടങ്ങുകൾ ഇന്നലെ രാവിലെ നടത്താൻ തീരുമാനിച്ചിരുന്നു.
കുടുംബാംഗങ്ങളെ എല്ലാവരെയും പോലീസ് രാവിലെ തന്നെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇവരുടെ മൊഴികൾ പരസ്പരവിരുദ്ധമായതോടെ പോലീസിന്റെ സംശയം വീട്ടുകാരിലേക്കു തിരിയുകയായിരുന്നു.
ലഹരിയുടെ സ്വാധീനത്തിലായിരുന്ന ഹരികുമാർ ആദ്യമൊക്കെ പോലീസിനോടു തട്ടിക്കയറുകയായിരുന്നു. പിന്നീടു കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മയുമായുള്ള ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
ശ്രീജിത്തും ശ്രീതുവും ഏറെനാളായി നല്ല ബന്ധത്തിലായിരുന്നില്ല. സമീപത്തെ ക്ഷേത്രത്തിലെ കഴകം ജോലിക്കാരിയാണ് ശ്രീതു. ശ്രീജിത്ത് ബാലരാമപുരത്തുള്ള സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.
ശ്രീതുവും കുടുംബവും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നാണ് നാട്ടുകാർ പോലീസിനോട് വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ശ്രീജിത്ത് ശ്രീതുവുമായി അകന്നതെന്നും പോലീസ് പറഞ്ഞു.