കെഎഎഫ്എഫ് സമര പ്രഖ്യാപന കണ്വന്ഷന് നാളെ
Friday, January 31, 2025 2:06 AM IST
കൊച്ചി: സംസ്ഥാനത്തെ ചെമ്മീന്‍, മത്സ്യ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് (കെഎഎഫ്എഫ്) പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 19, 20 തീയതികളില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കര്‍ഷകര്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കേരളത്തിലെത്തുന്നത് തടയുക, സബ്സിഡിയായി മത്സ്യകര്‍ഷകര്‍ക്കു ലഭിക്കാനുള്ള തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. നാളെ എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ സമരപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിക്കും.
രാവിലെ പത്തിന് ടി.ജെ. വിനോദ് എംഎല്‍എ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍, കര്‍ഷകസംഘം പ്രസിഡന്റ് ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.