ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ രണ്ട് ഡി-റിസർവ്ഡ് കോച്ചുകൾ
Friday, January 31, 2025 2:06 AM IST
കൊല്ലം: ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ (13352) രണ്ട് സ്ലീപ്പർ കോച്ചുകളിൽ പുതുതായി ഡി- റിസർവ്ഡ് സംവിധാനം ഏർപ്പെടുത്താൻ ദക്ഷിണ റെയിൽവേ തീരുമാനം. ആലപ്പുഴയ്ക്കും കോയമ്പത്തൂർ ജംഗ്ഷനും മധ്യേയാണ് യാത്രക്കാർക്ക് എസ്- അഞ്ച്, ആറ് കോച്ചുകളിൽ ഈ സൗകര്യം ലഭിക്കുക. മാർച്ച് 24 മുതൽ ഇത് പ്രാബല്യത്തിൽ വരും.
താംബരം - മംഗലാപുരം ജംഗ്ഷൻ എക്സ്പ്രസിൽ (16159) നിലവിലുണ്ടായിരുന്ന ഒരു ഡി- റിസർവ്ഡ് കോച്ച് രണ്ടായി വർധിപ്പിച്ചു. കോയമ്പത്തൂർ മുതൽ മംഗലാപുരം വരെ എസ് - 10, 11 കോച്ചുകൾ ഡി-റിസർവ്ഡ് ആയിരിക്കും. മാർച്ച് 25 മുതൽ ഈ സൗകര്യം ഉണ്ടാകും.
അതേസമയം താംബരം - ചെങ്കോട്ട എക്സ്പ്രസ് ട്രെയിനുകളിൽ (20681/82) രാജപാളയത്തിനും ചെങ്കോട്ടയ്ക്കും മധ്യേ ഉണ്ടായിരുന്ന ഡി-റിസർവ്ഡ് കോച്ച് സൗകര്യം മാർച്ച് 23 മുതൽ പിൻവലിക്കാനും തീരുമാനിച്ചു.
ഇതുകൂടാതെ ചെന്നൈ സെൻട്രൽ- മേട്ടുപ്പാളയം നീലഗിരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12671/72) കോയമ്പത്തൂരിനും മേട്ടുപ്പാളത്തിനും മധ്യേ അനുവദിച്ചിരുന്ന മൂന്ന് ഡി-റിസർവേഷൻ കോച്ചുകളും പിൻവലിച്ചു. മാർച്ച് മൂന്നു മുതൽ ഇത് നിലവിൽ വരും.
കണ്ണൂർ- യശ്വന്ത്പുർ എക്പ്രസിൽ കണ്ണൂരിനും കോഴിക്കോടിനും മധ്യേ ഉണ്ടായിരുന്ന മൂന്ന് ഡി-റിസർവ്ഡ് കോച്ചുകൾ രണ്ടായി ചുരുക്കുകയും ചെയ്തു.