മദ്യ നിർമാണശാലയ്ക്ക് സിപിഐ കൂട്ടുനിൽക്കുമെന്ന് കരുതിയില്ല: കെ.സി. വേണുഗോപാൽ
Friday, January 31, 2025 2:06 AM IST
തിരുവനന്തപുരം: മദ്യനിർമാണശാലയ്ക്കു സിപിഐ കൂട്ടുനിൽക്കുമെന്നു കരുതിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിപിഐയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അർഥം ഡീലിന്റെ ഷെയർ നൽകുമെന്നാണോ എന്നും കെ.സി. ചോദിച്ചു.
മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുന്‍പു പറഞ്ഞത്. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റിക്കാർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിന് തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണ്.
കോണ്‍ഗ്രസ് പാർട്ടിയിൽ ഹൈക്കമാൻഡ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കിൽ അതിനെല്ലാം വ്യവസ്ഥാപിതമായ മാർഗമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.