ഏഴുവയസുകാരിക്കു പീഡനം ; അന്പതുകാരന് 52 വർഷം കഠിനതടവ്
Friday, January 31, 2025 2:06 AM IST
ചാവക്കാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്പതുകാരന് 52 വർഷം കഠിന തടവും 2,30,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം 23 മാസം കൂടി അധികതടവ് അനുഭവിക്കണം. ഒരുമനയൂർ പൊലിയേടത്ത് സുരേഷിനെയാണ് ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്.
കുട്ടിക്കു ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്കു നൽകണമെന്നും കോടതി വിധിച്ചു.
2023 ഓഗസ്റ്റ് 27നു പ്രതിയുടെ വീട്ടിൽ ടിവി കാണുന്നതിനായി എത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതിക്കു മക്കളില്ലാത്തതിനാലാണ് കുട്ടിയോടു സ്നേഹം കാണിക്കുന്നതെന്നാണ് മാതാപിതാക്കൾ കരുതിയിരുന്നത്. പിന്നീട് കുട്ടിക്കു പനിയും മറ്റും തുടർച്ചയായി വന്നതിനാൽ അടുത്ത ബന്ധുവായ സ്ത്രീ ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നു ചൈൽഡ് ലൈനിൽ അറിയിച്ചു. അവർ ചാവക്കാട് പോലീസ് സ്റ്റേഷനിലും.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വനിതാ സിപിഒ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്എച്ച്ഒ എ. പ്രതാപ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.