ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടി
Friday, January 31, 2025 2:44 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പകുതിയാക്കി വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. സാന്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പ്ലാനുകൾ 50 ശതമാനം വെട്ടിച്ചുരുക്കാനുള്ള നിർദേശത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സ്കോളർഷിപ്പും പകുതിയാക്കിയത്.
പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇന്പേഴ്സ്മെന്റ്, വിദേശത്തു പഠിക്കാനുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നിവയടക്കം വെട്ടിക്കുറച്ചവയിൽ ഉൾപ്പെടുന്നു.
സ്കോളർഷിപ്പ് തുക 50 ശതമാനം വെട്ടിക്കുറച്ചതോടെ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്കോളർഷിപ്പിന് അർഹരായ പകുതിയോളം വിദ്യാർഥികളുടെ ഭാവി തുലാസിലായി. സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുറത്തിറക്കി.
ഐഐടി, ഐഐഎം സിഎ- ഐസിഡബ്ല്യുഎ, യുജിസി, സിഎസ്ആർ, നെറ്റ് കോച്ചിംഗ്, ഐടിസി ഫീസ് റീ ഇന്പേഴ്സ്മെന്റ്, മദർ തെരേസ, എപിജെ അബ്ദുൾ കലാം എന്നീ ഒന്പത് സ്കോളർഷിപ്പുകളുടെ തുകകളാണ് പകുതിയാക്കി ചുരുക്കിയത്.
സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാന ചരിത്രത്തിൽ അപൂർവമാണെന്ന വാദവും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പറക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടകയിനത്തിൽ പോലും കോടിക്കണക്കിനു രൂപ ഖജനാവിൽനിന്നു കൊടുക്കുന്പോഴാണ് ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുക പകുതിയാക്കി വെട്ടിക്കുറച്ചതെന്ന വൈരുധ്യവുമുണ്ട്.