കൂറുമാറ്റം ജനഹിതത്തെ അവഹേളിക്കൽ: കോടതി
Friday, January 31, 2025 2:44 AM IST
കൊച്ചി: തെരഞ്ഞെടുപ്പിനുശേഷമുള്ള കൂറുമാറ്റം ജനാധിപത്യപരമായ ഉടമ്പടിയില്‍നിന്നുള്ള പിന്മാറ്റവും ജനഹിതത്തെ അവഹേളിക്കലുമാണെന്ന് ഹൈക്കോടതി.
ഇത്തരക്കാര്‍ സ്ഥാനം രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ധാര്‍മികമായ രീതി. അതാണു ജനാധിപത്യത്തിന്റെ സൗന്ദര്യം. എന്നാല്‍, ജനഹിതത്തിനു വിരുദ്ധമായി മാറുന്ന പ്രതിനിധിയെ കായികമായി മര്‍ദിച്ച് നേരിടുകയല്ല, ബാലറ്റ് പേപ്പറിലൂടെ അവര്‍ക്കെതിരായ ശക്തി കാട്ടിക്കൊടുക്കുകയാണു വേണ്ടതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് നിരീക്ഷിച്ചു.
കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തിന്റെ തുടര്‍ച്ചയായി ചെയര്‍പേഴ്സന്റെ പരാതിപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് കൗണ്‍സിലര്‍മാരും നേതാക്കളുമടക്കം അഞ്ചുപേർക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട്, തന്നെ മര്‍ദിച്ചതായി നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയ ശിവന് നല്കിയ പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നാം പ്രതിയും പ്രതിപക്ഷ നേതാവുമായ പ്രിന്‍സ് പോള്‍ ജോണ്‍, അഞ്ചാം പ്രതി കൗണ്‍സിലര്‍ ബോബന് വര്‍ഗീസ്, ഒന്നും രണ്ടും പ്രതികളായ എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി ജോസ്, നാലാം പ്രതി കോണ്‍ഗ്രസ് കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍ എന്നിവര്‍ക്കാണു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.