മയക്കുമരുന്ന് കേസിലെ പ്രതി പ്ലക്കാര്‍ഡ് പിടിക്കേണ്ട; ക്ലാസില്‍ പങ്കെടുത്താല്‍ മതി
Friday, January 31, 2025 1:36 AM IST
കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ മയക്കുമരുന്നിനെതിരേ ബോധവത്കരണം നടത്തുന്ന പ്ലക്കാര്‍ഡുമായി തുടര്‍ച്ചയായി അഞ്ചുദിവസം പൊതുസ്ഥലത്ത് നില്‍ക്കണമെന്ന ജാമ്യവ്യവസ്ഥ കാസര്‍ഗോഡ് സെഷന്‍സ് കോടതി പിന്‍വലിച്ചു.
എംഡിഎംഎ കടത്തിനിടെ അറസ്റ്റിലായ പടന്നക്കാട് കുറുന്തൂര്‍ സ്വദേശി അബ്ദുള്‍ സഫ്വാന്റെ (25) ജാമ്യാപേക്ഷയിലാണ് ജഡ്ജി സാനു എസ്. പണിക്കര്‍ അപൂര്‍വ വ്യവസ്ഥ മുന്നോട്ടുവച്ചത്. ഇതിനെതിരേ സഫ്വാന് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. പകരം രണ്ടുദിവസം ലഹരിവിരുദ്ധക്ലാസില് പങ്കെടുക്കാൻ കോടതി നിര്‍ദേശിച്ചു.
2024 മേയ് 18നാണ് 30.6 ഗ്രാം എംഡിഎംഎയുമായി സഫ്വാന് അറസ്റ്റിലായത്. എട്ടു മാസത്തോളമായി കണ്ണൂര്‍ സെന്‍ട്രര്‍ ജയിലില്‍ റിമാന്‍ഡിലാണ്. പ്രതി പല പ്രാവശ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ഒടുവില്‍ ഈവര്‍ഷം ജനുവരി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് കോടതി ഉപാധിവച്ചത്. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ‘നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജിക്കുക, ലഹരി വഴി നിങ്ങള്‍ക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ കുടുംബത്തെയും ആണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സഫ്വാന് നില്‍ക്കണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ജാമ്യവ്യവസ്ഥയിലുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ത്വക്ക് രോഗബാധിതനായ തനിക്ക് ഈ വ്യവസ്ഥ പാലിക്കാനാവില്ലെന്നും പൊതുസ്ഥലത്ത് മണിക്കൂറുകളോളം നില്ക്കേണ്ടിവന്നാല് കാന്‍സര്‍, നേത്രരോഗങ്ങള്‍ എന്നിവ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സഫ്വാന് പറഞ്ഞിരുന്നു.