അനാഥാലയങ്ങളോട് അവഗണനയെന്ന് ഓർഫനേജ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ
Friday, January 31, 2025 2:06 AM IST
തൃശൂർ: 1800 അനാഥാലയങ്ങളിലായി ഒരുലക്ഷത്തോളം ആളുകളെ സംരക്ഷിക്കുന്നവരോട് സർക്കാരിന് അവഗണനയാണെന്ന് ഓർഫനേജ് അസോസിയേഷൻ.
ഭൂരിപക്ഷത്തിനും സർക്കാർ ഗ്രാന്റ് ഇല്ല. അനാഥമന്ദിരങ്ങളിലുള്ളവരുടെ ഉത്തരവാദിത്വം അതതു സ്ഥാപനങ്ങൾക്കാണെന്നു ചൂണ്ടിക്കാട്ടി 65,000 ആളുകൾക്കു ക്ഷേമപെൻഷൻ നിഷേധിച്ചുവെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഒരുലക്ഷത്തോളം ആളുകളെ സംരക്ഷിക്കുന്നവർക്കു സർക്കാർ കൂടുതൽ പരിഗണന നൽകാൻ തയാറാകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് കോണ്‍വെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
രാവിലെ 10.30നു മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളി അധ്യക്ഷനാകും. ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരമുള്ള സംസ്ഥാനത്തെ 1798 സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും.
ഓർഫനേജ് കണ്ട്രോൾ ബോർഡ് മുൻ ചെയർമാനും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഫാ. റോയ് മാത്യു വടക്കേൽ, ഒസിബി അംഗങ്ങളായ അഡ്വ. പി.വി. സൈനൂദ്ദീൻ, പ്രഫ. ഇന്പിച്ചി കോയ, സിസ്റ്റർ വിനീത എന്നിവർ പ്രസംഗിക്കും.
ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗീകാരമുള്ള 690 വൃദ്ധസദനങ്ങൾ, 67 അമ്മയും കുഞ്ഞും സംരക്ഷണകേന്ദ്രങ്ങൾ, 26 ദത്തെടുക്കൽ കേന്ദ്രങ്ങൾ,19 ബെഗർ ഹോമുകൾ, 306 ഭിന്നശേഷി -മാനസിക രോഗപുനരധിവാസകേന്ദ്രങ്ങൾ, 44 പാലിയേറ്റിവ് കെയർ സെന്ററുകൾ, 645 ചൈൽഡ് ലൈൻ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളി, ആർ. സജീവൻ, സജി കെ. മഞ്ഞപ്പിള്ളി, ബിജു പടിയത്ത്, ടി.കെ. ഇന്ദിര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.