വന്യജീവി ആക്രമണം: 1000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി
Friday, January 31, 2025 2:44 AM IST
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും ഇതിനായി 1000 കോടി രൂപയുടെ പാക്കേജ് വേണമെന്നതുൾപ്പെടെ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കേന്ദ്രത്തെ അറിയിച്ചതായും ധനമന്ത്രി അറിയിച്ചു.
ജിഎസ്ടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്താൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. ഇതിൽ ഒരു ഭാഗമെങ്കിലും അനുവദിക്കുമെന്നാണു പ്രതീക്ഷ. വയനാട് പാക്കേജിന് 2500 കോടി, വിഴിഞ്ഞത്തിന് പ്രത്യേക പാക്കേജായി 5000 കോടി, റബർ മേഖലയ്ക്ക് 1000 കോടി രൂപ തുടങ്ങിയ ആവശ്യങ്ങളും കേരളം അറിയിച്ചു.
സ്കൂൾ പാചകത്തൊഴിലാളികളുടേത് അടക്കമുള്ള കേന്ദ്ര സ്കീമുകളിലെ ജീവനക്കാരുടെ ശന്പളം പുതുക്കി നിശ്ചയിക്കുക, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തുക, ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പിനായി പണം കടമെടുക്കാൻ വായ്പാപരിധിയിൽ ഉൾപ്പെടുത്താതെ പ്രത്യേക അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചു.
കേന്ദ്രത്തിൽനിന്നു കിട്ടാനുള്ള പണം കിട്ടാത്തതുകൊണ്ട് കേരളം വലിയ സാന്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സഹായകമാകുന്ന നടപടികൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആനുകൂല്യങ്ങളും അവസരങ്ങളും എല്ലാവരിലേക്കും എത്തിക്കാൻ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും രാജ്യത്തിന്റെ സന്പദ്ഘടനയെ ശക്തിപ്പെടുത്തുന്ന നടപടികൾ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.