കരുവന്നൂര്‍ കള്ളപ്പണമിടപാട്: സിപിഎമ്മിന്റെ സ്വത്തും അക്കൗണ്ടുകളും കണ്ടുകെട്ടി
Saturday, June 29, 2024 1:34 AM IST
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണമിടപാടു കേസില്‍ സിപിഎമ്മിനെ ഇഡി പ്രതിചേര്‍ത്തു. സിപിഎമ്മിന്റെ 73 ലക്ഷം രൂപയുടെ സ്വത്തും അക്കൗണ്ടുകളും കണ്ടുകെട്ടി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പേരിലുള്ള പാർട്ടിവക സ്ഥലവും വിവിധ പാർട്ടി ഘടകങ്ങളുടെ അക്കൗണ്ടുകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും.
സിപിഎമ്മിനു പുറമെ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി കോടികളുടെ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തവരാണിവര്‍. ഇതുൾപ്പെടെ ആകെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലെ മൂന്നു സെന്റ് സ്ഥലം കണ്ടുകെട്ടിയിട്ടുണ്ട്. ഇതു ജില്ലാ സെക്രട്ടറിയുടെ പേരിലാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെന്റിന് പത്തു ലക്ഷം രൂപ വിലയിട്ടാണു സ്ഥലം രജിസ്റ്റര്‍ ചെയ്തത്.
ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലമാണിത്. ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളും കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരില്‍ രണ്ടും ബാക്കി ലോക്കല്‍ കമ്മിറ്റികളുടേതുമാണ് അക്കൗണ്ടുകള്‍.
കരുവന്നൂര്‍ ബാങ്കിലെതന്നെ അക്കൗണ്ടുകളിലൂടെ കടത്തിയ തുക സിപിഎമ്മിനാണു ലഭിച്ചതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.