മനു തോമസിനു പോലീസ് സുരക്ഷയൊരുക്കാൻ നിർദേശം
Saturday, June 29, 2024 1:34 AM IST
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കളിൽ ചിലർക്കു ബന്ധമുണ്ടെന്നു വെളിപ്പെടു ത്തുകയും പി. ജയരാജനും മകനുമെതിരേ ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്ത മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസിനു പോലീസ് സുരക്ഷയൊരുക്കാൻ നിർദേശം.
ഫേസ്ബുക്കിലൂടെയുള്ള വധഭീഷണി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
കണ്ണൂർ റൂറൽ എസ്പി ഹേമലതയാണ് ഇതു സംബന്ധിച്ച് ആലക്കോട് പോലീസിനു നിർദേശം നൽകിയത്. മനു തോമസിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണു നിർദേശം. എന്നാൽ പോലീസ് സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണു മനു തോമസിന്റേത്.