തെറ്റുതിരുത്തലിനിടെ തെളിയുന്നത് വലിയ പിഴവുകള്‍
Saturday, June 29, 2024 1:34 AM IST
റെനീഷ് മാത്യു
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കണ്ണൂരിലെ സിപിഎമ്മിൽ വിവാദങ്ങൾ ഉയർന്നുവരുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യകാരണങ്ങൾ സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റികളിലും ചർച്ച ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ശൈലി, മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ, ഇ.പി. ജയരാജന്റെ ബിജെപി ബന്ധവും സാന്പത്തിക ഇടപാടും, എം.വി. ഗോവിന്ദന്റെ നിലപാടുകൾ തുടങ്ങിയ കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രധാനമായും ചർച്ചയായിരുന്നത്. പാർട്ടികമ്മിറ്റികളിലെ വിശകലനവും തെറ്റുതിരുത്തൽ നടപടികളും കീഴ്ഘടകങ്ങളിലേക്ക് വിശദീകരിക്കാനിരിക്കേയാണ്് പി. ജയരാജനെതിരേയുള്ള ആരോപണങ്ങൾ ഉയർന്നുവന്നത്.
തോൽവി ചർച്ച ചെയ്യാൻ ചേര്‍ന്ന സംസ്ഥാന സമിതിയിലും കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഇ.പി. ജയരാജനെതിരേയും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും ഏറ്റവും കൂടുതൽ വിമർശനമുയര്‍ത്തിയ വ്യക്തിയായിരുന്നു പി. ജയരാജൻ.
അദ്ദേഹത്തിനെതിരേയാണ് ഇപ്പോൾ ശക്തമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മക്കളിൽ തുടങ്ങിയ ആരോപണങ്ങൾ ഇപ്പോൾ പി. ജയരാജന്റെ മകനിലാണ് എത്തിനിൽക്കുന്നത്. ഇതോടെ മക്കളിൽ കുടുങ്ങിക്കിടക്കുകയാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയം.
ഒറ്റപ്പെട്ട് പി. ജയരാജൻ
സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ മകൻ ജയിൻ രാജിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോ-ഓർഡിനേറ്ററാണെന്നുമാണ് മുൻ ഡിവൈഎഫ്ഐ നേതാവും സിപിഎം മുൻ ജില്ലാകമ്മിറ്റി അംഗവുമായ മനു തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്. പി. ജയരാജന്റെ ഫാൻസ് ഗ്രൂപ്പായ റെഡ് ആർമി നിയന്ത്രിക്കുന്നത് മകൻ ജയിൻ രാജാണെന്നും മനു തോമസ് ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ മനു തോമസ് പി. ജയരാജനെതിരേ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയുടെ താഴെത്തട്ടിലും ചർച്ചയാവുന്നുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷമുണ്ടായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധമാറിയത് സിപിഎമ്മിന് ആശ്വാസവുമാകുന്നുണ്ട്. പി. ജയരാജനെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ മുതിർന്ന നേതാക്കൾ മൗനം പാലിക്കുകയാണ്.
ചില മുതിർന്ന നേതാക്കളുടെ മൗനസമ്മതം മനുവിന്റെ ആരോപണത്തിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ, പി. ജയരാജനെതിരേ ആരോപണം ഉന്നയിച്ചപ്പോൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവർ രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പോരാളി ഷാജി ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് വാങ്ങപ്പെട്ടതാണെന്നായിരുന്നു എം.വി. ജയരാജന്റെ ആരോപണം. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ തുടങ്ങിയ ഗ്രൂപ്പുകൾക്കെതിരേയായിരുന്നു ആരോപണം.
എന്നാൽ, ഇത്തരം സൈബർ ഗ്രൂപ്പുകൾക്ക് ചുക്കാൻ പിടിക്കുന്നത് പി. ജയരാജന്റെ മകൻ ജയിൻ രാജ് ആണെന്നാണ് മനു തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, എം.വി. ജയരാജന്റെ സൈബർ ഗ്രൂപ്പുകൾക്കെതിരേയുള്ള ആരോപണവും പി. ജയരാജന്റെ നേർക്കായിരുന്നു എന്ന നിലയിലെത്തി.
2019ൽ പി. ജയരാജനെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നിൽ വ്യക്തി പൂജാ വിവാദം മാത്രമല്ല കാരണമെന്നാണ് മനു തോമസിന്റെ വെളിപ്പെടുത്തലിൽ വരുന്ന വിവരം. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും കാരണമായി.
മനു തോമസ് ആരോപണം ഉന്നയിച്ച യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ പി. ജയരാജന്റെ അടുത്ത അനുയായിയാണ്. 2021ൽ ചേർന്ന പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്നവെന്ന് ഒരു മുതിർന്ന നേതാവ് വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനെ തുടർന്ന് യോഗത്തിൽ പി. ജയരാജനും ആരോപണം ഉന്നയിച്ച നേതാവും കൈയാങ്കളിയിൽ വരെയെത്തി. തുടർന്ന്, അതൃപ്തിയിലായിരുന്ന പി. ജയരാജൻ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായപ്പോഴാണ് വീണ്ടും പാർട്ടിയിൽ സജീവമായത്. എന്നാൽ, പി. ജയരാജനെതിരേ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള കണ്ണൂരിലെ സിപിഎം നേതാക്കൾ ഇതുവരെ തയാറായിട്ടില്ല.