പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടി വാഹനങ്ങള്‍ കുന്നുകൂടുന്നു
Saturday, June 29, 2024 1:34 AM IST
കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടി വാഹനങ്ങള്‍ കുന്നുകൂടുന്നു. വിവിധ സ്റ്റേഷനുകളിലായി 28,557 വാഹനങ്ങളാണു നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇതിനുപുറമേ ഒന്‍പത് വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലുമുണ്ട്. കേസുകളില്‍ പിടിച്ചെടുക്കുന്നവയ്ക്കു പുറമേ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കി വാഹനങ്ങള്‍ സ്റ്റേഷന് പരിസരങ്ങളില്‍നിന്നു മാറ്റണമെന്നും ഇവ ലേലം ചെയ്തു സര്‍ക്കാരിലേക്ക് മുതല്കൂട്ടണമെന്നുമുള്ള ആവശ്യം ശക്തമാണ്.
അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലാത്തവയ്ക്ക് മഹസര്‍ തയാറാക്കി രസീത് വാങ്ങി വിട്ടുകൊടുക്കും. തുടര്‍നടപടികള്‍ ആവശ്യമുള്ളവ കോടതി വഴിയാണ് നല്‍കുന്നത്. പോലീസിന്റെ കണക്കുപ്രകാരം തൃശൂര്‍ ജില്ലയിലാണ് ഇത്തരത്തിലുള്ള തൊണ്ടിവാഹനങ്ങള്‍ കൂടുതലുള്ളത്- 3543.
ഇതില്‍ 2184 എണ്ണം തൃശൂര്‍ സിറ്റി പരിധിയിലും 1359 എണ്ണം റൂറലിലുമാണ്. തിരുവനന്തപുരത്ത് -3454, കൊല്ലം-3030, കോഴിക്കോട് -2837, എറണാകുളം-2234, പത്തനംതിട്ട-908, ആലപ്പുഴ-1277, കോട്ടയം-1927, ഇടുക്കി-817, പാലക്കാട്-2496, മലപ്പുറം-2445, വയനാട്-509, കണ്ണൂര്‍-1291, കാസര്‍ഗോഡ് -1789, റെയില്‍വേ -9 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേയിലുമായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളും എണ്ണം.