മാർത്തോമൻ പൈതൃക സഭകളുടെ സമ്മേളനം കോട്ടയത്ത്
Saturday, June 29, 2024 12:38 AM IST
കോട്ടയം: മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണമായ ദുക്റാന തിരുനാളിനോടനുബന്ധിച്ച് സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെയും ചങ്ങനാശേരി അതിരൂപതാ എക്യുമെനിക്കൽ ഡിപ്പാർട്ടുമെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർത്തോമൻ പൈതൃക സമ്മേളനം കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നടത്തും.
ജൂലൈ ഒന്നിനു രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. മാർത്തോമാ സഭയുടെ റവ.ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആമുഖപ്രഭാഷണം നടത്തും.
കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സാമുവേൽ മാർ ഐറേനിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.
മാർത്തോമൻ പൈതൃകത്തിന്റെ പ്രസക്തിയും സഭകൾ ആഗോളവത്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ അവയുടെ കൈമാറ്റവും എന്ന വിഷയത്തെ ആസ്പദമാക്കി തുടർന്നു നടക്കുന്ന പൊതുചർച്ചയിൽ സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മോഡറേറ്റർ ആയിരിക്കും. യാക്കോബായ സഭയുടെ ഡോ. മാത്യൂസ് മാർ അന്തിമോസ് പ്രാരംഭപ്രസംഗം നടത്തും.
സീറോ മലബാർ, മലങ്കര കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ, അസീറിയൻ, സിഎസ്ഐ സഭകളിൽനിന്നും ബിഷപ്പുമാർ, വൈദിക, അത്മായപ്രതിനിധികൾ, ദൈവശാസ്ത്ര പണ്ഡിതർ എന്നിവർ പങ്കെടുക്കും.