സ്കൂളിനു മുന്നിലെ കൂറ്റൻ പുളിമരം വീണ് എട്ടു വിദ്യാർഥികൾക്കു പരിക്ക്
Saturday, June 29, 2024 12:38 AM IST
ശ്രീകൃഷ്ണപുരം: മണ്ണാർക്കാട്-ചെർപ്പുളശേരി സംസ്ഥാനപാതയിൽ കരിമ്പുഴ തോട്ടര ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കൂറ്റൻപുളിമരം കടപുഴകിവീണു. എട്ടു വിദ്യാർഥികൾക്കുപരിക്കേറ്റു.
പത്താംക്ലാസ് വിദ്യാർഥിയായ അസ്ലഹ്, ഒൻപതാംക്ലാസ് വിദ്യാർഥിനി ഷിഫ്ന, എട്ടാംക്ലാസ് വിദ്യാർഥികളായ ശരൺ, ആദിത്യൻ, സിയ, ജുമാന, നിഹാല, റയാന എന്നിവർക്കാണ് പരിക്കേറ്റത്. എട്ടുപേരും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് മരം കടപുഴകിവീണത്. സ്കൂൾ വിട്ട് വിദ്യാർഥികൾ ഇറങ്ങിവരുന്ന സമയത്താണ് മരം വീണത്. തലനാരിഴയ്ക്കാണ് വിദ്യാർഥികൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മരം പതിയെ നിലംപതിച്ചതിനാൽ വിദ്യാർഥികൾക്ക് ഓടിരക്ഷപ്പെടാൻ സമയം ലഭിച്ചതു ഭാഗ്യമായി.
ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. വട്ടമ്പലത്തുനിന്ന് അഗ്നിശമനസേനയും ശ്രീകൃഷ്ണപുരം ട്രോമ കെയർ യൂണിറ്റും എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ശ്രീകൃഷ്ണപുരം പോലീസ്, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ, വൈസ് പ്രസിഡന്റ് എൻ. സാജിറ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും സ്ഥലത്തെത്തിയിരുന്നു.