രാത്രി ആവശ്യപ്പെടുന്ന സ്ഥലത്തു ദീർഘദൂരബസുകൾ നിർത്താനാകില്ല: കെഎസ്ആർടിസി
Saturday, June 29, 2024 12:38 AM IST
പാലക്കാട്: രാത്രി എട്ടുമുതൽ രാവിലെ ആറുവരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്നു സർക്കുലർ നിർദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടിആക്സിൽ എസി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദേശം നടപ്പാക്കുന്നതു പ്രായോഗികമായി ബുദ്ധിമുട്ടാണെന്നു കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇതു ദീർഘദൂരയാത്രക്കാർക്ക് അസൗകര്യമാണ്. നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. തുടർന്നും ഇത്തരം സർവീസുകൾ നിർദ്ദിഷ്ടസ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെഎസ്ആർടിസി കമ്മീഷനെ അറിയിച്ചു.
പാലക്കാട്-വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്നു പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാളയാർ-പാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവീസുകൾ ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു.
കെഎസ്ആർടിസി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. പാലക്കാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് നടപടി.