പി. ജയരാജനെതിരായ മനു തോമസിന്റെ വെളിപ്പെടുത്തൽ; അടിയന്തര പ്രമേയ നോട്ടീസ്
അനുവദിക്കാതെ സ്പീക്കർ
Saturday, June 29, 2024 12:37 AM IST
തിരുവനന്തപുരം: സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജനെതിരേ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാതെ സ്പീക്കർ.
ഖാദി ബോർഡ് വൈസ് ചെയർമാനെതിരേ ഉയർന്നത് അഭ്യൂഹമോ ആരോപണമോ ആയ സാഹചര്യത്തിൽ ചട്ടം 52(5) പ്രകാരം അടിയന്തര പ്രമേയ നോട്ടീസിന് അനുവാദം നൽകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതോടെ സ്പീക്കർ എ.എൻ. ഷംസീർ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതായി അറിയിച്ചു.
പി. ജയരാജനെതിരേയുള്ള ആരോപണം ഉയർന്ന ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു ശിക്ഷാ ഇളവു നൽകാനുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സർക്കാരിനു വേണ്ടി സ്പീക്കർ മറുപടി പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പി. ജയരാജനെതിരേ ഉയർന്ന ആരോപണത്തിൽ മന്ത്രിയുടെ മറുപടിക്കു പിന്നാലെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കാനാകില്ലെന്നു സ്പീക്കർ സഭയെ അറിയിച്ചത്.
സിപിഎം പ്രതിക്കൂട്ടിലാകുന്ന ഒരു കാര്യവും നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്നതാണ് ഇപ്പോഴത്തെ നിലപാടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ ആരോപിച്ചു.