വന്യജീവി ആക്രമണം; ദീപിക നിയമസഭയിൽ ഉയർത്തിക്കാട്ടി കുളത്തുങ്കൽ
Saturday, June 29, 2024 12:37 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ’ ഇവർ രക്തസാക്ഷികൾ’ എന്ന തലക്കെട്ടോടെ 2024 ഫെബ്രുവരി 22ന് പ്രസിദ്ധീകരിച്ച ദീപികയുടെ പേജ് നിയമസഭയിൽ ഉയർത്തിക്കാട്ടി സെബാസ്റ്റ്യൻ കുളത്തുങ്കൽ.
വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വനാതിർത്തിക്കു വെളിയിൽ കടക്കുന്ന വന്യജീവികളെ ആർക്കും വെടിവയ്ക്കുന്നതിന് അനുമതി നൽകുന്ന തരത്തിൽ വനംനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന്റെ ചർച്ചയ്ക്കിടയിലാണ് അദ്ദേഹം ദീപിക പത്രം ഉയർത്തിക്കാട്ടിയത്.
വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാകുന്നില്ലെന്നുള്ളതിന്റെ തെളിവാണ് ഇത്രയധികം മരണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
കേരളത്തിന്റെ മൂന്നിലൊന്നോളം വനമാണ്. അതിനു വഹിക്കാവുന്നതിൽ കൂടുതൽ മൃഗങ്ങളുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിന്റെ എണ്ണം നിയന്ത്രിക്കണം. വന്യമൃഗങ്ങൾക്കുള്ള സംരക്ഷണം വനത്തിനുള്ളിൽ മാത്രമാക്കണം. പുറത്തുവന്നാൽ അപകടമൊഴിവാക്കുന്നതിനായി കൊല്ലാൻ സാധിക്കുന്ന തരത്തിൽ വനം നിയമത്തിൽ ഭേദഗതി ആവശ്യമാണ്.
50 വർഷം മുന്പു നിലവിൽ വന്ന നിയമമാണിപ്പോൾ പ്രാബല്യത്തിലുള്ളത്. അതിനുശേഷം സാഹചര്യങ്ങളിൽ ഒരുപാടു മാറ്റങ്ങൾ വന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. പ്രമേയത്തിന്മേലുള്ള ചർച്ച തുടരുന്നതിനായി മാറ്റിവച്ചു.