പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി; അടിയന്തര പ്രമേയ നോട്ടീസ് തള്ളി
Friday, March 21, 2025 2:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അവിദഗ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം പ്രതിദിന വേതനത്തിന്റെ പകുതിപോലും ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
അങ്കണവാടി ജീവനക്കാരുടെ ശന്പളം 21,000 രൂപയാക്കണമെന്നും സെക്രട്ടേറിയറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടും പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനു പിന്നാലെയായിരുന്നു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
കേരളത്തിൽ ജോലി ചെയ്യുന്നതിൽ, ഏറ്റവും കൂടുതൽ സമയം തൊഴിലെടുക്കേണ്ടിവരുന്നത് അങ്കണവാടി ജീവനക്കാരും ആശാ വർക്കർമാരുമാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് അവിദഗ്ധ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ മിനിമം ശന്പളം 700 രൂപയാണ്. എന്നാൽ, അവർക്കു ലഭിക്കുന്നതിന്റെ പകുതിപോലും ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ലഭിക്കുന്നില്ല.
2024 മുതൽ ഒൻപതു മാസമായി അങ്കണവാടി ജീവനക്കാരുടെ പെൻഷൻ നല്‍കിയിട്ടില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം, കേന്ദ്രനയത്തിന്റെ ഭാഗമായാണ് അങ്കണവാടി നടത്തിപ്പെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രതിപക്ഷത്തുനിന്നുള്ള സംഘടനയുമായി ചർച്ച ചെയ്തു ധാരണയിലായ കാര്യങ്ങളാണ് ഇപ്പോൾ നിയമസഭയിൽ വീണ്ടും ഉന്നയിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും മന്ത്രി ആരോപിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും ഇപ്പോൾ നല്കുന്ന തുകയുടെ 80 ശതമാനവും സംസ്ഥാനമാണു കണ്ടെത്തുന്നത്. ഓണറേറിയം അഞ്ചാം തീയതിക്കു മുന്‍പായി നല്കുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്നും മന്ത്രി രാജീവ് പറഞ്ഞു.
സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാത്തതിൽ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായി.
ഈ സമരം ഇടതുമുന്നണിയെയും സർക്കാരിനെയും ദോഷകരമായി ബാധിക്കുമെന്നും സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ പാർട്ടി ശക്തമായി ഇടപെടണമെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു.
സമരം തീർക്കണമെന്ന് ആർജെഡിയും
തിരുവനന്തപുരം: ആശാ പ്രവർത്തകർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ അവരുമായി ചർച്ച നടത്തണമെന്ന് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു.
ഇടതുപക്ഷം കേരളം ഭരിക്കുന്പോൾ ഇങ്ങനെയൊരു സമരം ഭരണസിരാകേന്ദ്രത്തിനു മുന്നിൽ നടക്കുന്നത് ഇടതു രാഷ്ട്രീയത്തിനു നല്ലതല്ലെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു സമരം തീർക്കമെന്നും ആർജെഡി നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. ആശാ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമന്ന വികാരമാണു പൊതുവെ യോഗത്തിൽ ഉണ്ടായത്.
കേന്ദ്ര സർക്കാർ ആശാ പ്രവർത്തകരുടെ ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനനുസരിച്ചു സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
സമരത്തോടു സർക്കാരിനു വിദ്വേഷമില്ല. എന്നാൽ ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയ എതിരാളികൾ സർക്കാരിനെതിരെ ഉപയോഗിക്കുകയാണ്. ഇതിൽ വർഗീയ സംഘടനകളും ഇടപെടുന്നുണ്ട്. ഇങ്ങനെയൊരു സമര നിലപാടിനോടു യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.