വിഐപികള്‍ അറസ്റ്റിലായാല്‍ മെഡിക്കല്‍ ടൂറിസ്റ്റുകളാകുമോ? ഹൈക്കോടതി
Thursday, March 20, 2025 12:47 AM IST
കൊച്ചി: വിഐപികള്‍ അറസ്റ്റിലായാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് പതിവായെന്ന് ഹൈക്കോടതി.
പ്രതികളായ വിഐപികള്‍ റിമാന്‍ഡിലായാലും ജയിലിലേക്കു പോകാതെ മെഡിക്കല്‍ ടൂറിസ്റ്റുകളാകുകയാണ്. കോടതിയില്‍ നല്കുന്ന ജാമ്യാപേക്ഷയില്‍ ആരോഗ്യപ്രശ്നം ഉന്നയിച്ച് പുറത്ത് ചികിത്സ അനിവാര്യമാണെന്നു വാദിച്ച് ഇഷ്ടാനുസരണം ആശുപത്രികളില്‍ പ്രവേശിക്കുന്നത് ഇവര്‍ പതിവാക്കിയിരിക്കുകയാണ്.
ഇനി പ്രോസിക്യൂഷന് അറിയിക്കാത്തപക്ഷം ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ ആര്‍ക്കും ജാമ്യം അനുവദിക്കില്ലെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വാക്കാല്‍ പറഞ്ഞു.
പാതിവില തട്ടിപ്പുകേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആരോഗ്യപ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് ആനന്ദകുമാര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
ആനന്ദകുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ചചെയ്തശേഷം നിലപാടറിയിക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.