ഇടുക്കിയിലെ കൈയേറ്റം: പ്രസ്താവനായുദ്ധം മാത്രം
Thursday, March 20, 2025 2:01 AM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: ഇടുക്കിയിൽ വ്യാപകമായി സർക്കാർ ഭൂമിയിൽ കൈയേറ്റം നടക്കുകയാണെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും യഥാർഥ കർഷകരുടെ കൈവശ ഭൂമിക്കു പട്ടയം നൽകണമെന്നും ജില്ലയിൽ നിലനിൽക്കുന്ന നിർമാണ നിരോധനവും പട്ടയ വിതരണ വിലക്കും പിൻവലിക്കണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും ഒന്നുപോലെ ആവശ്യപ്പെടുന്നു. അപ്പോൾ ഇതിന് ആരാണ് എതിരു നിൽക്കുന്നതെന്നു മാത്രം വ്യക്തമല്ല.
കഴിഞ്ഞദിവസം (18-03-25) പ്രതിപക്ഷ നേതാവും ഇതേ ആവശ്യമുന്നയിച്ച് നിയമസഭയിൽ പ്രസ്താവന നടത്തി. റവന്യു മന്ത്രി ഇതിനു അനുകൂലമായി മറുപടിയും നൽകി. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കാനും പട്ടയം നൽകാനും നിർമാണ നിരോധനം നീക്കാനും കഴിഞ്ഞിട്ടില്ല. നിയമ നിർമാണ സഭയാണ് ഇതിനു നടപടി സ്വീകരിക്കേണ്ടത്. സർക്കാരും പ്രതിപക്ഷവും ഒരുപോലെ ആവശ്യപ്പെടുന്ന വിഷയം പരിഹരിക്കാതെ നീണ്ടുപോകുന്നതിനു പിന്നിൽ നിയമസഭയുടെ ഒളിച്ചു കളിയാണെന്നു തന്നെയാണ് വ്യക്തമാകുന്നത്.
കൈയേറ്റം ഒഴിപ്പിക്കാൻ തടസമെന്ത്?
കൈയേറ്റമുണ്ടെന്നു ഇരുപക്ഷവും ആവർത്തിക്കുന്പോഴും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്പോഴും ഭൂമി കൈയേറിയവരെക്കുറിച്ചോ അതിന് ഒത്താശ ചെയ്യുന്നവരെക്കുറിച്ചോ ഒരക്ഷരം ഉരിയാടാൻ തയാറാകുന്നുമില്ല. വ്യാജ പട്ടയം സിദ്ധിച്ചാണ് കൈയേറ്റം നടക്കുന്നതെങ്കിൽ അതു കണ്ടെത്തി നടപടി സ്വീകരിക്കാൻ നിലവിൽ വ്യക്തമായ നിയമം സംസ്ഥനത്തുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ കുടിയേറ്റക്കാരെ നിയമപരമായി സംരക്ഷിച്ച് അവർക്കു പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടു. അതിനു പ്രതിപക്ഷം പിന്തുണയും പ്രഖ്യാപിച്ചു.
പരുന്തുംപാറ, വാഗമണ്, ചൊക്രമുടി, ചിന്നാർ, മാങ്കുത്തിമേട്, അമക്കരമെട്ട്, കൊട്ടക്കന്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൈയേറ്റമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇതു സംബന്ധിച്ച് 2022 മുതൽ റവന്യു ഉദ്യോഗസ്ഥർ സർക്കാരിനു റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ആരാണു കൈയേറിയതെന്നോ ആരാണ് ഒത്താശ ചെയ്യുന്നതെന്നോ പറയുന്നില്ല. അത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തർക്കവിഷമായി കാണാമെങ്കിലും സിഎച്ച്ആർ ഉൾപ്പെടെയുള്ള ഇടുക്കി ജില്ലയിലെ ബഹുഭൂരിപക്ഷം പ്രദേശത്തേയും കൈവശ ഭൂമിക്കു പട്ടയം നൽകാത്തതിനു മേൽപറഞ്ഞ കൈയേറ്റം മറയാക്കുന്നതിൽ ദുരൂഹതയുണ്ട്. ആരാണ് ദുരൂഹതയ്ക്കു പിന്നിലെന്ന് അറിയാൻ നികുതിദായകർക്ക് അവകാശമുണ്ട്. അതു നിഷേധിക്കുകയുമാണ്.
ആരാണാ മദിരാശിക്കാരൻ?
മദിരാശിയിൽനിന്നുള്ള കൈയേറ്റക്കാരൻ കൊട്ടക്കന്പൂരിൽ 344.5 ഏക്കർ സർക്കാർ സ്ഥലം കൈയേറിയെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. ഇയാൾ തന്നെയാണ് ചൊക്രമുടിയിലും കൈയേറ്റം നടത്തിയതെന്നും കൈയേറ്റത്തിനു നേതൃത്വം നൽകിയത് ഇടുക്കിയിലെ ഉയർന്ന റവന്യു ഉദ്യോഗസ്ഥനാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആരോപിച്ചു. നിയമസഭയിലെ ആരോപണത്തിൻമേൽ നടപടി സ്വീകരിക്കാൻ വ്യവസ്ഥാപിതമായി സർക്കാരിനു ബാധ്യയുണ്ട്. കൈയേറ്റത്തെക്കുറിച്ച് ഇത്രയും ഗൗരവമായ ആരോപണം നിയമസഭയിൽ പ്രതിപക്ഷ നേതാവുതന്നെ ഉന്നയിച്ച സ്ഥിതിക്ക് സർക്കാരിന് അതിനു മറുപടി പറയേണ്ടിവരും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ ആരോപണങ്ങളിൽനിന്നു മലക്കം മറിയാനും അവർക്കു കഴിയില്ല.
കോടതി ഉത്തരവുകൾ മറ
കോടതി ഉത്തരവുകൾ മൂലം പട്ടയം നൽകാൻ സാധിക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിനുള്ള മറുപടിയിൽ റവന്യുമന്ത്രി പറഞ്ഞത്. കോടതി ഉത്തരവുകൾ ചോദിച്ചു വാങ്ങിയത് ഇടുക്കിലെ സാധാരണക്കാരായ ഭൂമി കൈവശക്കാരല്ല. കോടതികളിൽ നടന്ന വ്യവഹാരങ്ങളിൽ സർക്കാർ അഭിഭാഷകർ മിണ്ടാതിരുന്നതിനാലും കോടതി ആവശ്യപ്പെട്ട രേഖകൾ നൽകാതിരുന്നതിനാലുമാണ് കർഷകർക്കെതിരായ കോടതി ഉത്തരവുകൾ ഉണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിൽ സിഎച്ച്ആറിൽ പട്ടയം നല്കുന്നതും ഇടുക്കിയിലെ പട്ടയ നടപടികളും വിലക്കി കോടതി ഉത്തരവുണ്ടായപ്പോൾ 2009ൽ സിഎച്ച്ആറിലെ 25,000 ഹെക്ടറിനു പട്ടയം അനുവദിച്ച് സുപ്രീംകോടതി ഉത്തരവുള്ളതായി സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞില്ല.
1993ലെ സ്പെഷൽ ഭൂപതിവു നിയമത്തിൽ കൃഷിക്കും വീടിനും ഷോപ്പ് സൈറ്റുകൾക്കും പട്ടയം നൽകാനാണ് വ്യവസ്ഥയുള്ളത്. അതു മറച്ചുവച്ച് 2009ൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ചെറിയ കടമുറിക്കാണ് പട്ടയം നല്കാൻ ഉത്തരവുള്ളതെന്നു തെറ്റിദ്ധരിപ്പിച്ചു.
അതിന്റെ ചുവടുപിടിച്ചാണ് കടമുറിയുടെ വലിപ്പം വ്യക്തമാക്കിയിട്ടില്ലെന്നു പറഞ്ഞ് ഷോപ്പ് സൈറ്റുകൾക്കു പട്ടയം നിഷേധിക്കുന്നത്. 1993ലെ നിയമത്തിൽ ഷോപ്പ് സൈറ്റുകൾ എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. ചെറിയ കടമുറിയെന്നോ പെറ്റിഷോപ്പ് എന്നോ പറഞ്ഞിട്ടില്ല. നിയമത്തെ ഉദ്യോഗസ്ഥന്റെ ഇംഗിതത്തിനനുസരിച്ച് വ്യാഖ്യനിച്ച് വെടക്കാക്കുന്നതിനു ജനപ്രതിനിധികളും കുടപിടിക്കുന്നതാണ് 1977 ജനുവരി ഒന്നിനു മുന്പുള്ള വ്യാപാര നിർമിതികൾക്കു പട്ടയം നിഷേധിക്കാൻ കാരണം.
കെട്ടിടത്തിന്റെ വലിപ്പം നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് കട്ടപ്പനയിലും കാഞ്ചിയാറിലും പട്ടയം നൽകാൻ തടസമെന്ന പ്രസ്താവനയും അബദ്ധമാണ്. ജന്മി ഭൂമിയും ദേവസ്വം ഭൂമിയും കായൽനിലങ്ങളുമൊക്കെ സാധാരണ കർഷകർക്കു പതിച്ചു നൽകാൻ നിയമമുണ്ടാക്കിയ സംസ്ഥാനത്താണ് സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ സ്ഥിരാവകാശം സ്ഥാപിച്ചു നൽകാൻ നിയമസഭയിൽ ചക്കളത്തിപ്പോരാട്ടം നടത്തുന്നത്.