ആകെ മൊത്തം ഒരു ഗൂഢാലോചന
Friday, March 21, 2025 1:04 AM IST
സാബു ജോണ്
തിരുവനന്തപുരം: സമീപനാളുകളിൽ നടക്കുന്ന കാര്യങ്ങളുടെയെല്ലാം പിന്നിൽ ഭരണപക്ഷം ചില ഗൂഢാലോചനകൾ കാണുന്നുണ്ട്. ആശാ സമരവും ഈ ഗണത്തിൽപ്പെടും. ആശാമാർ സമരം ചെയ്യുന്നതിൽ ലിന്റോ ജോസഫ് തെറ്റൊന്നും കാണുന്നില്ല. എന്നാൽ, സമരത്തിനു പിന്തുണ നൽകുന്ന യുഡിഎഫിന് ആത്മാർഥതയില്ല എന്നിടത്താണു പ്രശ്നം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ച് സ്കീം വർക്കേഴ്സിനെ ഓരോന്നായി സമരരംഗത്തിറക്കുകയാണെന്ന് എം. രാജഗോപാൽ ആരോപിച്ചു. അടുത്ത സർക്കാർ യുഡിഎഫിന്റേതാണെന്നു ചിലരൊക്കെ പറയുന്നതു കേൾക്കുന്പോൾ രാജഗോപാലിനു പുച്ഛം മാത്രം. 1957ലെ ഇഎംഎസ് സർക്കാരിനെ പുറത്താക്കാൻ കൂട്ടുനിന്ന ശക്തികൾ ഇപ്പോൾ വീണ്ടും രംഗത്തു വന്നിട്ടുണ്ടെന്നാണ് മുരളി പെരുനെല്ലിയുടെ തോന്നൽ.
ഗൂഢാലോചനയുടെ പിന്നിലെ ശക്തിയെ പി.പി. സുമോദ് കണ്ടെത്തിയ മട്ടുണ്ട്. അതു മറ്റാരുമല്ല തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ സുനിൽ കനഗോലു തന്നെ. യുഡിഎഫുകാർ കനഗോലു കാപ്സ്യൂൾ ആണ് ഇറക്കുന്നതെന്നാണ് സുമോദ് പറയുന്നത്. കനഗോലുവിനെ യുഡിഎഫിന്റെ ഡാൻസ് മാസ്റ്റർ എന്നാണ് സുമോദ് വിശേഷിപ്പിച്ചത്.
ഭരണപക്ഷം പ്രതിപക്ഷ നേതാവിനെ ബഹളം കൂട്ടി തടസപ്പെടുത്തുന്നതിൽ ചില നല്ല സൂചനകൾ റോജി എം. ജോണ് കാണുന്നുണ്ട്. പ്രതിപക്ഷ നേതാവ് പറയുന്നതു കേട്ട് അവർക്കു പൊള്ളുന്നതു കൊണ്ടാണല്ലോ അവർ ബഹളം വയ്ക്കുന്നത്. മോദി സർക്കാർ ഫാസിസ്റ്റ് ആണെന്ന കാര്യത്തിൽ തങ്ങൾക്കു സംശയമൊന്നുമില്ലെന്ന് റോജി പറഞ്ഞത് സിപിഎമ്മിനെ ഒന്നു തോണ്ടാനാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർക്ക് ഫാസിസം എന്തെന്നു മനസിലാകില്ലെന്നു കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ പറഞ്ഞു.
മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ പ്രഭാതഭക്ഷണ കൂടിക്കാഴ്ചയേക്കുറിച്ചാണു പുറത്തു ചർച്ചയെന്നാണ് എൻ. ഷംസുദ്ദീൻ പറയുന്നത്. വിമാനത്തിൽ വച്ചു യാദൃഛികമായി ഗവർണറെ കണ്ടു, അപ്പോൾ സത്കാരത്തിനു ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ പ്രഭാത ഭക്ഷണത്തിനു തിരിച്ചു ക്ഷണിച്ചു എന്നൊക്കെ പറഞ്ഞാൽ അങ്ങു വിശ്വസിക്കാൻ പറ്റുമോ എന്നാണ് ഷംസുദ്ദീൻ ചോദിക്കുന്നത്. തൃശൂർ പൂരം കലക്കലും ഇ.പി. ജയരാജന്റെ വീട്ടിലെ ജാവദേക്കറുടെ സന്ദർശനവും ഇതുമെല്ലാം കൂട്ടിവായിക്കണമെന്നാണ് ഷംസുദ്ദീൻ പറഞ്ഞത്.
കേന്ദ്ര ധനമന്ത്രി കേരള ഹൗസിലെത്തി കേരളത്തിന്റെ മുഖ്യമന്ത്രിയെ കണ്ടത് നിസാരമായി കാണരുതെന്നാണ് ഇ.ടി. ടൈസണ് മാസ്റ്റർ പറയുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നല്ലാതെ ഷംസുദ്ദീന്റെ സംശയം തീർക്കാനുള്ള മറുപടി ടൈസണ് മാസ്റ്റർക്കുമില്ലായിരുന്നു.
കേരളത്തിൽ എന്തെല്ലാം നടന്നിട്ടുണ്ടോ അതെല്ലാം 2016നു ശേഷമാണ് എന്ന മട്ടിൽ പറഞ്ഞുകളയരുതെന്ന് എ.പി. അനിൽകുമാർ പറഞ്ഞു. പഴയ യുഡിഎഫ് സർക്കാരിനേക്കുറിച്ചു വലിയ അഭിപ്രായമൊന്നുമില്ലെങ്കിലും അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി ആയിരുന്ന എ.പി. അനിൽകുമാർ പ്രഗത്ഭനായ മന്ത്രി ആയിരുന്നു എന്നു കോവൂർ കുഞ്ഞുമോൻ അനിൽകുമാറിനെ ഇരുത്തിക്കൊണ്ടു സാക്ഷ്യപ്പെടുത്തി.
കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കൊയ്തു കൂട്ടിയിട്ടിരിക്കുന്ന നെല്ലു മുളച്ചു തുടങ്ങി. വിഷയം സഭയിൽ അവതരിപ്പിക്കാൻ വന്ന മോൻസ് ജോസഫ് തെളിവായി മുളച്ച നെല്ലും കരുതിയിട്ടുണ്ട്. എന്നാൽ സഭയിൽ അതു പ്രദർശിപ്പിക്കുന്നതു ചട്ടവിരുദ്ധമാകുമെന്നതിനാൽ അതിനു മുതിർന്നില്ലെന്നു മാത്രം.
സംശയമുള്ളവർക്കു കാട്ടിക്കൊടുക്കാമല്ലോ. 78 വയസുള്ള കെ.വി. തോമസിനു വാരിക്കോരി നൽകാൻ പ്രായപരിധി പ്രശ്നമല്ല. എന്നാൽ എ.കെ. ബാലനും ജി. സുധാകരനുമൊക്കെ പ്രായപരിധി ബാധകമാണ്. ഇതെന്തു ന്യായമെന്നാണ് റോജി എം. ജോണിന്റെ ചോദ്യം.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തി ഭരണപക്ഷം രാവിലെ കാട്ടിയ അനീതിക്കു പ്രതികാരം ചെയ്തത് വൈകുന്നേരം മന്ത്രിമാരുടെ മറുപടി ബഹിഷ്കരിച്ചു കൊണ്ടാണ്. പ്രതിപക്ഷം ഔദ്യോഗികമായി ബഹിഷ്കരിച്ചെങ്കിൽ ഭരണപക്ഷത്തും മറുപടി സമയത്ത് അധികം പേർ സഭയിലുണ്ടായിരുന്നില്ല.