എയ്ഡഡ് അധ്യാപക നിയമനം ; കോടതിവിധിയുടെ പശ്ചാത്തലത്തിൽ
പൊതു ഉത്തരവ് ഇറക്കാത്തതിൽ പ്രതിഷേധം
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: എൻഎസ്എസ് നല്കിയ ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി തസ്തികകൾ ഒഴികെയുള്ള നിയമനങ്ങൾക്ക് സർക്കാരിന് അംഗീകാരം നല്കാമെന്ന സുപ്രീംകോടതി ഉത്തരവ് മുൻ നിർത്തി പൊതു ഉത്തരവ് ഇറക്കാത്തതിനെതിരേ പ്രതിഷേധവുമായി മാനേജ്മെന്റുകൾ രംഗത്ത്.
നായർ സർവീസ് സൊസൈറ്റി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയനുസരിച്ച് എൻഎസ്എസിനു മാത്രം ബാധകമാകുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറങ്ങിയത്.
എൻഎസ്എസിന്റെ കേസ് പരിഗണിച്ച കോടതി, നിയമന പ്രതിസന്ധി സംബന്ധിച്ച് ഇതേ സാഹചര്യം നേരിടുന്ന മറ്റു മാനേജ്മെന്റുകളും ഭിന്നശേഷി തസ്തികകൾ ഒഴികെയുള്ള തസ്തികകളിൽ നിയമന അംഗീകാരത്തിനായി നൽകുന്ന ശിപാർശകൾ സർക്കാർ പരിഗണിക്കണമെന്ന വിധിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, സർക്കാർ അത്തരത്തിലൊരു പൊതു ഉത്തരവ് ഇറക്കിയില്ല. ഓരോ മാനേജ്മെന്റുകളും കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങട്ടേയെന്ന നിലപാടിലാണ് സർക്കാർ. ഇതിനു പിന്നാലെയാണ് മറ്റു മാനേജ്മെന്റുകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുള്ളത്.
സുപ്രീംകോടതി വിധി വന്നിട്ടും സർക്കാർ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തെ അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ വർഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും നടപ്പിലാക്കാത്തത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് പറഞ്ഞു.