മന്ത്രിമാരുടെ മറുപടി ബഹിഷ്കരിച്ച് പ്രതിപക്ഷം
Friday, March 21, 2025 1:04 AM IST
തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയിൽ മന്ത്രിമാരുടെ മറുപടി പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇന്നലെ വാക്കൗട്ട് പ്രസംഗത്തിനിടയിൽ ഭരണപക്ഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസംഗം തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ മറുപടി ബഹിഷ്കരിച്ചത്. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ആശാ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കാൻ സെക്രട്ടേറിയറ്റ് നടയിലേക്കു പ്രകടനമായി പോയി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെയാണ് ബഹിഷ്കരണ തീരുമാനം പ്രഖ്യാപിച്ചത്. ആസൂത്രണം ചെയ്തു വന്നു തുടർച്ചയായി തന്റെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു എന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മന്ത്രിമാരുടെ പ്രധാനപ്പെട്ട മറുപടികൾ ഉള്ളതിനാൽ ഇറങ്ങിപ്പോകരുതെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭ്യർഥിച്ചു. നിയമസഭയുടെ ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനും അനുഭവിക്കേണ്ടി വരാത്ത തരത്തിലുള്ള അപമാനമാണു താൻ നേരിട്ടതെന്നും ബഹിഷ്കരണത്തിലൂടെ തങ്ങൾ പ്രതിഷേധം അറിയിക്കുകയാണെന്നും സതീശൻ പറഞ്ഞു.