പോലീസിനുനേർക്ക് സിപിഎമ്മുകാർ നടത്തിയ അതിക്രമം ; അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സ്പീക്കർ
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: തലശേരി മണോളിക്കാവ് ഉത്സവത്തിനിടെ പോലീസിനു നേർക്കു സിപിഎമ്മുകാർ നടത്തിയ ഗുണ്ടായിസവും അക്രമത്തിന് ഇരയായ പോലീസുകാരെ സ്ഥലംമാറ്റിയ സർക്കാർ നടപടിയും സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ എ.എൻ. ഷംസീർ പരിഗണിച്ചില്ല. ഇതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
ക്ഷേത്രോത്സവം സംബന്ധിച്ച സംഭവം പൊതു പ്രാധാന്യം അർഹിക്കുന്നതല്ലെന്നും അടിയന്തര സ്വഭാവം ഇല്ലാത്തതാണെന്നും വ്യക്തമാക്കിയാണ് നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്.
എന്നാൽ ക്ഷേത്രോത്സവത്തെക്കുറിച്ചല്ല, പോലീസിനെ സിപിഎമ്മുകാർ ആക്രമിച്ച കേസാണ് അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ നോട്ടീസ് നൽകിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.സർക്കാരിന്റെ സൗകര്യം അനുസരിച്ചല്ല അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ നടപടി കീഴ്വഴക്ക ലംഘനമാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ്, അക്രമത്തിന് ഇരയായ പോലീസുകാരെ സ്ഥലം മാറ്റിയതു സേനയുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണെന്ന് ആരോപിച്ചു.
ക്ഷേത്രങ്ങളിൽ എന്തിനാണ് രാഷ്ട്രീയം കലർത്തുന്നത്? ആർഎസ്എസ് അന്പലങ്ങളിൽ പോയി ഗണഗീതങ്ങൾ പാടുന്നതു പോലെ സിപിഎമ്മും ഇറങ്ങി. കടയ്ക്കൽ ക്ഷേത്രത്തിൽ പുഷ്പനെ അറിയാമോ എന്ന ഗാനമേളയാണ് നടത്തിയത്.
സ്റ്റേജിനു പിന്നിൽ അരിവാൾ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ബോർഡുകളും പ്രദർശിപ്പിച്ചു. ഇവർ ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.