വിഴിഞ്ഞം രാജ്യാന്തര തുറമുഖം: ഭൂഗർഭ റെയിൽപാത നിർമാണത്തിന് അനുമതി
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിനുള്ള പദ്ധതിക്കു മന്ത്രിസഭായോഗത്തിന്റെ അനുമതി.
കൊങ്കണ്‍ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ) തയാറാക്കിയ വിശദ പഠന റിപ്പോർട്ടിന് മന്ത്രിസഭ പച്ചക്കൊടി കാട്ടിയതോടെ വിഴിഞ്ഞം തുറമുഖത്തേക്കുള്ള തുരങ്ക റെയിൽപ്പാത നിർമാണത്തിന് ഭൂമിയേറ്റെടുക്കൽ അടക്കമുള്ള നടപടി ഉടൻ തുടങ്ങും.
ബാലരാമപുരം സ്റ്റേഷനിൽ നിന്ന് തുറമുഖത്തേയ്ക്ക് 10.7കിലോമീറ്റർ റെയിൽപാതയിൽ 9.02 കിലോമീറ്റർ ദൂരവും ടണലിലൂടെയാണ്. ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലെ 4.697ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
വിഴിഞ്ഞം വില്ലേജിലെ 0.829 ഹെക്ടർ ഏറ്റെടുക്കലിന് നടപടി തുടങ്ങി. 5.526 ഹെക്ടർ സ്ഥലമേറ്റെടുക്കാൻ 198 കോടി ചെലവുവരും. ഇതടക്കം 1482.92 കോടിരൂപയാണ് പദ്ധതിച്ചെലവ്. പദ്ധതിക്ക് 2022മാർച്ചിൽ ദക്ഷിണ റെയിൽവേ അംഗീകാരം നൽകിയിരുന്നു. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു.
വിഴിഞ്ഞത്തിന് അടുത്തുള്ള സ്റ്റേഷനിൽ കണ്ടെയ്നർ റെയിൽ ടെർമിനൽ സ്ഥാപിക്കുന്നതോടെ റെയിൽ ചരക്കുനീക്കവും സുഗമമാവും. കൊങ്കണ്‍ റെയിൽ കോർപറേഷനാണ് നിർമ്മാണച്ചുമതല.
2028 ഡിസംബറിനകം റെയിൽപാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽപ്പാതയുടെ 70 ശതമാനവും നിലവിലെ ബാലരാമപുരം-വിഴിഞ്ഞം റോഡിന് അടിയിലൂടെയായിരിക്കും.