സിവില്‍ സ്റ്റേഷനില്‍ ബോംബ് ഭീഷണി; തെരച്ചിലിനിടെ തേനീച്ച ആക്രമണത്തിൽ നൂറോളം പേര്‍ക്കു പരിക്ക്
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡിന്റെയും ഫയര്‍ഫോഴ്സിന്റെ ബോംബ് തെരച്ചിലിനിടെ കെട്ടിടത്തിലെ "കുടികിടപ്പു’കാരായ തേനീച്ചകളുടെ കൂടുകള്‍ ഇളകി, നൂറോളം പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരു അംഗപരിമിതനും രണ്ടു ഫയര്‍ഫോഴ്സ് ജീവനക്കാരും സബ്കളക്ടറും കളക്ടറേറ്റ് ജീവനക്കാരും ഉള്‍പ്പെടുന്നു.
കുത്തേറ്റവര്‍ പേരൂർക്കട താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. സംഭവത്തത്തുടര്‍ന്ന് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അവധി നല്കി.
ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടുകൂടിയാണ് സിവില്‍സ്റ്റേഷനില്‍ ബോംബ് വച്ചതായി കളക്ടർക്ക് ഇ മെയിൽ സന്ദേശം ലഭിച്ചത്. തുടർന്ന് സിവില്‍സ്റ്റേഷനിലെ പോലീസ് വിഭാഗത്തില്‍നിന്ന് അറിയിപ്പ് ലഭിച്ചതോടെ ബോംബ് സ്ക്വാഡും ഫയര്‍ആൻഡ് റസ്ക്യു ഓഫീസര്‍ എസ്. അനീഷിന്റെ നേതൃത്വത്തില്‍ ഒരുയൂണിറ്റും സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
ബോംബ് കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കിടെയാണ് കളക്ടറേറ്റിന്റെ വിവിധ കോണുകളില്‍ കൂടുകൂട്ടിയിരുന്ന കൂറ്റന്‍ പെരുന്തേനീച്ചകള്‍ കൂട്ടത്തോടെ ഇളകിയത്. ഉച്ചസമയമായിരുന്നതിനാൽ കുറേ ജീവനക്കാര്‍ കെട്ടിടത്തിനു വെളിയിലായിരുന്നു. തേനീച്ചകള്‍ ഇളകി ആക്രമണം ആരംഭിച്ചതോടെ കുറേപ്പേര് കെട്ടിടത്തില്‍നിന്നു പുറത്തേക്ക് ഓടി. ഇവരെ തേനീച്ചകൾ പിന്തുടർന്നു കുത്തി.
അംഗപരിമിതനായ പി. സജികുമാറിനു (52) കുത്തേറ്റു. ഫയര്‍ഫോഴ്സിലെ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യുഓഫീസര്‍ പ്രശോഭ്, ഫയര്‍ ആൻഡ് റസ്ക്യു ഡ്രൈവര്‍ സുനീഷ് എന്നിവര്‍ക്കും കുത്തേറ്റു. ഇരുവര്‍ക്കും നെറ്റിയിലും ചുണ്ടിലും മുഖത്തുമാണ് കുത്തേറ്റത്. സജികുമാറും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേനീച്ചകളുടെ കുത്തേറ്റ് സബ്കളക്ടര്‍ ഒ.വി. ആല്‍ഫ്രഡും പ്രാഥമിക ചികിത്സ തേടി. ഒരു ജീവനക്കാരിയെ രക്ഷിക്കുന്നതിനിടെയിലാണ് സബ് കളക്ടർക്ക് തേനീച്ചയുടെ കുത്തേറ്റത്.