കുഞ്ഞന്‍ മത്തി: പഠനവുമായി സിഎംഎഫ്ആര്‍ഐ
Friday, March 21, 2025 1:04 AM IST
കൊച്ചി: കഴിഞ്ഞ ആറു മാസമായി കേരള തീരത്ത് കുഞ്ഞന്‍ മത്തി മാത്രം ലഭിക്കുന്നതിന്റെ കാരണം തേടി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. മൂന്നാഴ്ചയ്ക്കകം പഠന റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആര്‍ഐ.
മധ്യകേരളത്തില്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ ഏകദേശം 14 മുതല്‍ 18 സെന്റിമീറ്റര്‍ വരെയും എറണാകുളം മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളില്‍ 12 മുതല്‍ 14 സെന്റിമീറ്റര്‍ വരെയുമാണ് ഇപ്പോള്‍ ലഭിക്കുന്ന മത്തിയുടെ വലിപ്പം. സാധാരണ രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിയുമ്പോള്‍ മത്തിയുടെ വലിപ്പം കൂടാറാണു പതിവ്. ഇത്തവണ ആ പതിവ് തെറ്റി.
മത്തിയുടെ വലിപ്പക്കുറവും ലഭ്യതയിലെ വ്യത്യാസവും സാധാരണ പ്രതിഭാസമാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
1940കളില്‍ ബ്രിട്ടീഷുകാരുടെ ഭരണ കാലത്തുതന്നെ മത്തിയുടെ അളവ് കുറഞ്ഞുവരുന്ന വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതികവും മത്സ്യമേഖലയിലെ പ്രശ്നങ്ങളും മത്തിയുടെ ലഭ്യതക്കുറവിനും വലിപ്പക്കുറവിനും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്തകാലങ്ങളിലായി സമുദ്രോപരിതലത്തിലെ താപത്തിന് വര്‍ധനയുണ്ടായിട്ടുണ്ട്. ഉപരിതല താപം അടിത്തട്ടിലേക്കും വര്‍ധിച്ചിട്ടുണ്ട്. മത്തി ഉപരിതല മത്സ്യമായിട്ടാണു കണക്കാക്കുന്നത്. ഉപരിതല ഊഷ്മാവിലെ വ്യത്യാസങ്ങള്‍ മത്തിയുടെ പ്രജനന പ്രക്രിയയെ കാര്യമായി ബാധിക്കും. പ്രജനന പ്രക്രിയ ശക്തമാകുന്നത് കാലവര്‍ഷത്തിന്റെ വരവോടെയാണ്.
2023 ഒക്ടോബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ ചൂടേറിയ കാലമായിരുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം പ്രജനനസമയം നീണ്ടുപോകാന്‍ കാരണമാകാം. ആ ചൂട് വലിയ മത്തികളെ ബാധിച്ചിട്ടുണ്ടാകാമെന്നും ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
2012ല്‍ 3,99,786 ടണ്‍ മത്തി ലഭിച്ചിരുന്നത് 2021ല്‍ 3,297 ടണ്‍ മാത്രമായി. 2022 ല്‍ 1,01,000 ടണ്ണായും 2023ല്‍ 1,38,000 ടണ്ണായും ഇതു തിരിച്ചെത്തി.