സാങ്കേതികവിദ്യ വികസിപ്പിച്ച് എന്‍എടി കാലിക്കട്ട്
Thursday, March 20, 2025 12:47 AM IST
കോഴിക്കോട്: വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ (അണ്ടര്‍ വാട്ടര്‍ റിമോട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍-ആര്‍ഒവി) പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് കോഴിക്കോട് എന്‍ഐടിയിലെ ശാസ്ത്രജ്ഞരുടെ സംഘം. സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ സുപ്രധാന നാഴികക്കല്ലാണ് എന്‍ഐടി കൈവരിച്ചിട്ടുള്ളത്.
ഡോ. എസ്. നിഖില്‍ ശശിധരന്, ഡോ. എം.പി. ശ്രീലക്ഷ്മി, ഡോ. സി.വി. രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്തിന്റെ സമുദ്ര സാങ്കേതിക ശേഷി വര്‍ധിപ്പിക്കുന്ന നേട്ടത്തിനു പിന്നിലുള്ളത്. ഈ നൂതന ഉത്പന്നം കഴിഞ്ഞ ദിവസം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിക്ക് കൈമാറി.
വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കായി 4 കെഡബ്ല്യു ഡെക്ക് പവര്‍ സപ്ലൈ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് എന്‍ഐടി സംഘം കൈവരിച്ച നേട്ടം. ഇന്ത്യയില്‍ പൂര്‍ണമായും വികസിപ്പിച്ചെടുത്ത ഈ 4 കെഡബ്ല്യു പവര്‍ സപ്ലൈ സിസ്റ്റം, ഒരു സ്റ്റാന്‍ഡേര്‍ഡ് 230 വോള്‍ട്ട്, 50 ഹെര്‍ട്സ് ഇന്‍പുട്ടില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ 290 വാട്സില്‍ കൃത്യമായ നിയന്ത്രണത്തോടെ വോള്‍ട്ടേജ് 270 വാട്സ് മുതല്‍ 380 വാട്സ് വരെ വര്‍ധിപ്പിക്കുന്നു. 500 മീറ്റര്‍ ആഴത്തില്‍ ആഴക്കടല്‍ പ്രവര്‍ത്തനങ്ങളില്‍ വാഹനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിന് ഇത് നിര്‍ണായകമാണ്.

സമുദ്രനിരപ്പില്‍നിന്നുള്ള സെന്‍സറുകളുടെ ആവശ്യമില്ലാതെ തന്നെ സ്ഥിരമായ ആര്‍ഒവി പ്രകടനം ഉറപ്പാക്കിക്കൊണ്ട് അങ്ങേയറ്റത്തെ ആഴങ്ങളില്‍ വോള്‍ട്ടേജ് നിയന്ത്രണത്തിന്റെ വെല്ലുവിളി മറികടക്കാന്‍ ഇതിനു സാധിക്കും.
ഗുണനിലവാരത്തിലോ പ്രകടനത്തിലോ വിട്ടുവീഴ്ച ചെയ്യാതെ, അന്താരാഷ്ട്ര ബദലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് കുറഞ്ഞ ഒരു പരിഹാരമാണ് വൈദ്യുതിവിതരണം വാഗ്ദാനം ചെയ്യുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന തദ്ദേശീയവും മികച്ച പ്രകടനമുള്ളതുമായ ഉപകരണം രൂപകല്പന ചെയ്തതിലൂടെ രാജ്യത്തിന്റെ വളര്‍ന്നുവരുന്ന വൈദഗ്ധ്യമാണ് കാലിക്കട്ട് എന്‍ഐടിയുടെ നേട്ടം തെളിയിക്കുന്നത്.
എന്‍ഐടിയിലെ വിദ്യാര്‍ഥി വോളന്റിയര്‍മാരായ മുഹമ്മദ് അലി ഷഫീഖ്, ജി. രഞ്ജിത്ത്, എസ്.എ. കണ്ണന് എന്നിവരും ഈ പദ്ധതിയുടെ ഭാഗമായിരുന്നു. ഇതുവരെ രാജ്യത്തിനു പുറത്തുനിന്നാണ് ഇത്തരം ഉപകരണം ഇറക്കുമതി ചെയ്തിരുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിക്ക് 4 കെഡബ്ല്യു ഡെക്ക് പവര്‍ കണ്‍വര്‍ട്ടര്‍ സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങില്‍ കാലിക്കട്ട് എന്‍ഐടി ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായിരുന്നു.
ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍നിന്നുള്ള ശാസ്ത്രജ്ഞന് ജി. ഹരികൃഷ്ണന്, എന്‍ഐടിയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം അസി. പ്രഫ. ഡോ. സി.വി. രഘു, ഡോ. നിഖില്‍ ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.