ചർച്ചകൾ പരാജയപ്പെട്ടു ; നിരാഹാരസമരം സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ചു.
Friday, March 21, 2025 2:05 AM IST
തിരുവനന്തപുരം: ഒത്തുതീർപ്പ് ചർച്ചകളെല്ലാം പരാജയപ്പെട്ടതോടെ ആശാ വർക്കർമാരുടെ നിരാഹാരസമരം സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ചു.
സമരത്തിന്റെ 39-ാം ദിവസമായ ഇന്നലെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, തിരുവനന്തപുരം, തൃക്കണ്ണാപുരം ഹെൽത്ത് സർക്കിളിലെ ആരോഗ്യപ്രവർത്തക തങ്കമണി, തിരുവനന്തപുരം പുതുക്കുറിച്ചി ഹെൽത്ത് സർക്കിളിലെ ആരോഗ്യപ്രവർത്തക ശ്രീജ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.
സമരം ഡോ.കെ.ജി. താര ഉദ്ഘാടനം ചെയ്തു. അടിസ്ഥാന വർഗത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കാത്ത കേരളത്തിലെ പിണറായി സർക്കാർ എങ്ങനെ ഇടതു സർക്കാരാകുമെന്ന് അവർ ചോദിച്ചു. ഒരു കമ്യൂണിസ്റ്റ് സർക്കാർ എങ്ങനെയാണ് ഇത്ര ജനവിരുദ്ധമാകുന്നത്.
നാടിനു വേണ്ടി ജീവിതം നീക്കിവച്ചിരിക്കുന്ന പാവങ്ങളായ ആശമാരുടെ ന്യായമായ ആവശ്യങ്ങളോടു മുഖം തിരിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തൊഴിലാളിവർഗത്തിനു ചേർന്നതാണോ എന്നു പരിശോധിക്കണം. ഇടതു സർക്കാർ അധികാരത്തിൽ വരുന്നതിന് വോട്ട് ചെയ്ത ഒരാളാണ് താനെന്നും ഡോ. താര പറഞ്ഞു.
സമരക്കാർക്കെതിരേ സിപിഎം, സിഐടിയു നേതാക്കൾ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ അതിരൂക്ഷമായി വിമർശിച്ചാണ് ഡോ. താര സമരം ഉദ്ഘാടനം ചെയ്തത്. പ്രമുഖ സിപിഐ നേതാവ് കെ. ഗോവിന്ദപിള്ളയുടെ മകളാണ് ഡോ.കെ.ജി. താര.
പിന്തുണയുമായി നേതാക്കൾ
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരി 10ന് ആരംഭിച്ച സമരമാണ് ഇന്നലെ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് വഴിമാറിയത്.
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലും ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്തിനെത്തുടർന്നാണ് ഇന്നലെ രാവിലെ 11 മുതൽ ആശാമാർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നിരാഹാര സമരം ആരംഭിച്ചത്.
രണ്ടുവട്ടം ആരോഗ്യമന്ത്രി ചർച്ച നടത്തിയിട്ടും ഓണറേറിയം 21,000 രൂപയാക്കണം, വിരമിക്കൽ അനുകൂല്യമായി അഞ്ച് ലക്ഷം നൽകണം തുടങ്ങിയ ആവശ്യങ്ങളോട് അനുകൂല തീരുമാനമുണ്ടായില്ല.
യുഡിഎഫ് എംഎൽഎമാർ സമരപ്പന്തലിൽ
ആശാ വർക്കർമാർക്കു പൂർണ പിന്തുണയുമായി യുഡിഎഫ്. ഇന്നലെ നിയമസഭ ബഹിഷ്കരിച്ച യുഡിഎഫ് എംഎൽഎമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലാണ് എംഎൽഎമാർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.