കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനു തടസമില്ല
Friday, March 21, 2025 1:04 AM IST
തിരുവനന്തപുരം: കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈടു വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്നു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടു സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുമില്ല. അതിനാൽതന്നെ ഏതുവിധത്തിലുള്ള ഭൂമി ക്രയവിക്രയത്തിനും തത്കാലം ഒരു പ്രശ്നവുമില്ലെന്നു മന്ത്രി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലിൽ സാധാരണ നിലയിൽ 4 (1) വിജ്ഞാപനം കഴിഞ്ഞാൽപോലും പ്രശ്നമില്ല. 11 (1) പ്രസിദ്ധീകരിച്ചാൽ മാത്രമെ ആ ഭൂമി അറ്റാച്ച് ചെയ്യുന്ന പ്രശ്നം ഉദിക്കുന്നുള്ളൂ. ഇനി അങ്ങനെ ചെയ്താൽ പോലും 11 (4) പ്രകാരം കളക്ടർക്കു പ്രത്യേക അപേക്ഷ നൽകിയാൽ അതനുസരിച്ച് നടപടിയുണ്ടാകും.
സ്കൂളുകൾ ഹൈടെക് ആക്കുന്നതിന് 682.06 കോടി രൂപ കിഫ്ബി മുഖേന ചെലവഴിച്ചു
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഹൈടെക് ആക്കുന്നതിനു കൈറ്റ് 682.06 കോടി രൂപ കിഫ്ബി മുഖേന ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നു മന്ത്രി വി. ശിവൻകുട്ടിക്കു വേണ്ടി മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികൾ പ്രകാരം 1,35,551 ലാപ്ടോപ്പ്, 69,945 മൾട്ടി മീഡിയ പ്രൊജക്ടർ, 1,00,439 യുഎസ്ബി സ്പീക്കർ, 43,250 മൗണ്ടിംഗ് കിറ്റ്, 23,098 സ്ക്രീൻ, 4,545 ടെലിവിഷൻ (43 ഇഞ്ച്), 4,609 പ്രിന്റർ, 4,578 കാമറ, 4,720 വെബ്ക്യാം എന്നിവ കിഫ്ബി മുഖേന സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കു കൈറ്റ് വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.
ലുക്ക് ഈസ്റ്റ് പോളിസി നിർണായക പങ്ക് വഹിക്കുന്നു
സംസ്ഥാനത്തേക്കു വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നതിൽ ലുക്ക് ഈസ്റ്റ് പോളിസി നിർണായ പങ്കാണു വഹിക്കുന്നതെന്നും അതിനാൽ അതിനനുസൃതമായ മാർക്കറ്റിംഗ് നടത്തണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചൈന മുതൽ ഓസ്ട്രേലിയ വരെ രാജ്യങ്ങളിലേക്കാണ് ഈ പ്രത്യേക മാർക്കറ്റിംഗ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് മലേഷ്യൻ എയർലൈൻസുമായി ധാരണയിലെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ചേർന്നു വെൽനസ് ആയുർവേദ കോണ്‍ക്ലേവ് സംഘടിപ്പിക്കും. 800 ബില്യണ്‍ ഡോളറിന്റെ ബിസിനസാണു വെൽനെസ് ടൂറിസത്തിന്റെ ഭാഗമായി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാട്ടര്‍ അഥോറിറ്റി കുപ്പിവെള്ളം ഇനി മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലുമെത്തും
കേരള വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ളം ഈ മാസം മുതല്‍ വിദേശ രാജ്യങ്ങളിലേക്കും. യുഎഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുപ്പിവെള്ള കയറ്റുമതി നടത്തുന്നതിനായി വിദേശ കമ്പനിയുമായി മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി മന്ത്രി അറിയിച്ചു. കെഐഡിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനി വിദേശത്തേക്ക് കുടിവെള്ളം കയറ്റി അയയ്ക്കുന്ന പദ്ധതി ഈ മാസം തന്നെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര മന്ത്രിമാർ വസ്തുതകൾ മറച്ചുവച്ച് രാഷ്ട്രീയം പറയുന്നു
ഭൂമിയേറ്റെടുക്കൽ വിഷയത്തിൽ കേന്ദ്രമന്ത്രിമാർ യഥാർഥ വസ്തുതകൾ മറച്ചുവച്ചു രാഷ്ട്രീയകാര്യങ്ങൾ പറയുകയാണെന്നു മന്ത്രി കെ. രാജൻ. ദേശീയപാതയ്ക്കോ റെയിൽവേയുമായി ബന്ധപ്പെട്ടോ ഭൂമി ഏറ്റെടുക്കലിൽ ഒരു കാലതാമസവും സർക്കാർ വരുത്തിയിട്ടില്ല. ദേശീയപാതയുടെ ആദ്യ റീച്ച് ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തെ അഭിനന്ദിച്ചു, പ്രത്യേക അവാർഡും നൽകി. 2023 ഫെബ്രുവരിയിൽ ദേശീയപാത അഥോറിറ്റി ചെയർമാൻ ഭൂമി ഏറ്റെടുക്കലിനോടു നന്നായി സഹകരിച്ചതിനു നന്ദി രേഖപ്പെടുത്തി റവന്യു അഡിഷണൽ ചീഫ് സെക്രട്ടറിക്കു കത്തും അയച്ചിരുന്നു. ഇത്രയും മികച്ച പ്രവർത്തനം നടത്തിയിട്ടും രാഷ്ട്രീയമായി കേരളത്തെ ആക്രമിക്കാനുള്ള കേന്ദ്രമന്ത്രിമാരുടെ ശ്രമം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.
മൊബൈല്‍ വെറ്ററിനറി സേവനം 47 ബ്ലോക്കുകളില്‍ കൂടി ആരംഭിക്കും
വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനമെത്തിക്കുന്നതിന്റെ ഭാഗമായി 47 ബ്ലോക്കുകളില്‍ കൂടി മൊബൈല്‍ ആംബുലന്‍സുകള്‍ വെറ്ററിനറി സേവനത്തിന് സജ്ജമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അടുത്തമാസം ആദ്യം ഈ സേവനത്തിന്റെ ഉദ്ഘാടനം നടത്തും. വിപുലീകരണത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ പ്രവര്‍ത്തനവും വിപുലീകരിക്കും.
മലപ്പുറം മൂര്‍ക്കനാട് ആരംഭിച്ച പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി പൂര്‍ണ തോതില്‍ ഉടനടി പ്രവര്‍ത്തന സജ്ജമാക്കും. പാല് ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പാലുത്പാദന സാധ്യതയുള്ള 50 ബ്ലോക്കുകളെ ഫോക്കസ് ബ്ലോക്കുകളായി തെരഞ്ഞെടുത്ത് ഈ ബ്ലോക്കുകളില്‍ ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പശു യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും നടപടി കൈക്കൊള്ളും.
വനമേഖലയിലെ യാത്രയ്ക്ക് തമിഴ്നാട് ഉദാര സമീപനം സ്വീകരിക്കുന്നില്ല: മന്ത്രി
വനമേഖലയിലൂടെയുള്ള യാത്രയ്ക്ക് തമിഴ്നാട് ഉദാരമായ സമീപനം സ്വീകരിക്കുന്നില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ. ഷംസുദീന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്-മൈസൂരു ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം 20 വർഷമായിട്ടും നീക്കാനായില്ല. പാലക്കാട്-മണ്ണാർക്കാടുനിന്ന് മുള്ളി വഴി തമിഴ്നാട്ടിലേക്കുള്ള 118 കിലോമീറ്റർ റോഡിൽ പകുതിയിലേറെ തമിഴ്നാട് വനാതിർത്തിയിലൂടെയാണ്. ഈ റോഡിൽ കേരളത്തിന്റെ ഭാഗത്ത് റോഡിൽ യാത്രാതടസമില്ല. എന്നാൽ, തമിഴ്നാട് മേഖലയിലൂടെയുള്ള ഭാഗത്തെ യാത്രാ നിരോധനം നീക്കാൻ തമിഴ്നാടിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ഒന്‍പത് എബിസി കേന്ദ്രങ്ങൾകൂടി
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വൻ തോതിൽ വർധിക്കുന്നതിനു തടയിടാനായി ഒന്‍പത് അനിമൽ ബെർത്ത് കണ്ട്രോൾ കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്നു മന്ത്രി എം.ബി. രാജേഷിനു വേണ്ടി ഒ.ആർ. കേളു നിയമസഭയിൽ അറിയിച്ചു. എം.എസ്. അരുണ്‍കുമാറിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ, എബിസി പ്രോഗ്രാം, റാബീസ് ഫ്രീ കേരള എന്നിവയ്ക്കായി 47.60 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: റോജി എം. ജോണ്‍
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടണമെന്നും കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കണമെന്നും റോജി എം. ജോണ്‍ നിയമസഭയിൽ ആവശ്യപ്പെട്ടു. സർക്കാർ നിയോഗിച്ച കമ്മീഷൻ നൽകിയ ശിപാർശകളേക്കുറിച്ചു പഠിക്കാൻ വീണ്ടുമൊരു കമ്മിറ്റിയെ നിയോഗിച്ചു. ശിപാർശകൾ ഉടനടി നടപ്പിലാക്കുകയാണു വേണ്ടത്. മുനന്പം പ്രശ്നത്തിനു ശാശ്വതപരിഹാരം കണ്ടെത്താൻ വഖഫ് ബോർഡ് ഉൾപ്പെടെയുള്ളവരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാകണം.
മുനന്പത്ത് വില കൊടുത്തു ഭൂമി വാങ്ങിയ അറുനൂറിലേറെ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്.ഈ വിഷയത്തിൽ ക്രിസ്ത്യൻ, മുസ്ലിം ഭിന്നിപ്പിനു ബിജെപി ശ്രമിക്കുകയാണ്. അതിനു വളം വച്ചു കൊടുക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുത്. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് റോഡിനോടു ചേർന്ന ഭൂമിക്ക് പട്ടയം: റവന്യു-പിഡബ്ല്യുഡി വകുപ്പുകൾ യോഗം ചേരും
പൊതുമരാമത്ത് റോഡിനോടു ചേർന്നുള്ള ഭൂമിക്ക് പട്ടയം നൽകുന്ന കാര്യത്തിൽ പൊതുമരാമത്ത്, റവന്യു വകുപ്പുകൾ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ. രാജൻ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സബ്മിഷന് മന്ത്രി മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് വികസനത്തിന് ഭൂമി ആവശ്യമുണ്ടോയെന്ന് പൊതുമരാമത്ത് വകുപ്പാണ് വ്യക്തമാക്കേണ്ടത്. റോഡിൽനിന്ന് എത്ര അകലത്തിലുള്ള ഭൂമിക്ക് പട്ടയം നൽകാമെന്നതിലും തീരുമാനം കൈക്കൊള്ളണം. നിലവിൽ റോഡ് പുറന്പോക്കും റോഡിനോട് ചേർന്നുള്ള ഭൂമിയും പതിച്ചു നൽകാൻ അപേക്ഷ സ്വീകരിക്കേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇത്തരം അപേക്ഷകൾക്ക് എൻഒസിയും നൽകുന്നില്ല. പൊതുമരാമത്ത് റോഡിൽനിന്ന് നിശ്ചിത അകലത്തിലുള്ള ഭൂമിയിലെ കൈവശക്കാർക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സംരക്ഷിത വനമാക്കിയ 234.18 ഏക്കർ സ്ഥലം റീ നോട്ടിഫിക്കേഷൻ ചെയ്യാൻ നടപടി
തൃശൂർ പാവറട്ടിയിൽ പെരിങ്ങാട് നദിയുടെ സമീപത്ത് സംരക്ഷിത വനമാക്കിയ 234.18ഏക്കർ റീ നോട്ടിഫൈ ചെയ്യാൻ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് ഏക്കർ കണ്ടൽകാടിന്റെ പേരിലാണ് ഇത്രയധികം സ്ഥലം സംരക്ഷിത വനമാക്കി പ്രഖ്യാപിച്ചതെന്നും ഇതുമൂലം ഈ മേഖലയിൽ വസിക്കുന്ന ജനം കടുത്ത പ്രതിസന്ധി നേരിടുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാൽ 2021ൽ ജില്ലയിലെ ജനപ്രതിനിധികൾകൂടി പങ്കെടുത്ത യോഗത്തിൽ അതീവ പരിസ്ഥിതി പ്രശ്നം നേരിടുന്ന പ്രദേശമാണെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷിത വനമാക്കി നോട്ടിഫിക്കേഷൻ ഇറക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനിച്ചത്. ഡീനോട്ടിഫിക്കേഷൻ ഇറക്കാനായി കേന്ദ്രത്തെ സമീപിക്കുമെന്നും ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളം: റവന്യു റിക്കവറിക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരും
കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു റവന്യു റിക്കവറിക്കായി പ്രത്യേക പാക്കേജു കൊണ്ടുവരുമെന്നു മന്ത്രി കെ. രാജൻ. 2018 ഒക്ടോബറിലാണ് അവിടെ 4(1) വിജ്ഞാപനം ചെയ്തത്. ഈ ഏഴു വർഷക്കാലം പ്രഖ്യാപിക്കപ്പെട്ട തുകയുടെ 12 ശതമാനം വച്ചു ഭൂമി നഷ്ടമായവർക്കു ലഭിക്കും. ഇതു ലഭിക്കുന്നതോടെ ഇവരുടെ സാന്പത്തിക പ്രതിസന്ധി മാറും. അവർക്കായി നിയമത്തിനുള്ളിൽ നിന്നുകൊണ്ടു ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മെന്നും മന്ത്രി പറഞ്ഞു.
കെട്ടിക്കിടക്കുന്ന നെല്ല് ഏറ്റെടുക്കാൻ അടിയന്തര നടപടി വേണം
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ കെട്ടിക്കിടക്കുന്ന മുഴുവൻ നെല്ലും ഏറ്റെടുക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. മുളച്ച നെല്ലുമായി കർഷകർ സമരരംഗത്താണ്. മില്ലുടമകളുടെ കള്ളക്കളി മൂലമാണ് നെല്ല് സംഭരിക്കാത്തത്. കൊയ്ത്തിന്റെ സമയത്ത് സർക്കാരും കർഷകരെ കൈവിടുന്ന സ്ഥിതിയാണ്. നെല്ല് സംഭരണം സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.