ചങ്ങനാശേരി റവന്യു ടവറിൽ 2.62 കോടി വാടക കുടിശികയെന്നു മന്ത്രി കെ. രാജൻ
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: ചങ്ങനാശേരി റവന്യു ടവറിൽ പ്രവർത്തിക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ 2.62 കോടി രൂപയുടെ വാടക കുടിശിക വരുത്തിയതായും ഇതിനാലാണ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തടസമാകുന്നതെന്നും മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു.
ചങ്ങനാശേരി റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിൽനിന്ന് 2.16 കോടി രൂപയും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 46.46 ലക്ഷം രൂപയും വാടക കുടിശിക ഇനത്തിൽ കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന് ലഭിക്കേണ്ടതുണ്ട്.
പുതിയ ലിഫ്റ്റ് സ്ഥാപിച്ച് പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കാതെ വരുന്നതും ഇതിനാലാണ്. ബോർഡിന് ലഭിക്കേണ്ട വാടക കുടിശിക ഈടാക്കാൻ നടപടിയെടുക്കുമെന്നും ജോബ് മൈക്കിളിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.