ഡിസിഎൽ ബാലരംഗം
Friday, March 21, 2025 1:04 AM IST
കൊച്ചേട്ടന്റെ കത്ത്
ശൂന്യാകാശത്തിലെ വിശ്വാസപ്പൂക്കൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ലോകം എഴുന്നേറ്റുനിന്നു തൊഴുതു, ആ മഹാമഹതിയെ! 2025 മാർച്ച് 19-ന് ഫ്ളോറിഡായുടെ തീരത്തുള്ള അറ്റ്ലാറ്റിക് മഹാസമുദ്രത്തിന്റെ കടലോളങ്ങൾ കരപത്മങ്ങൾ വിടർത്തി, ആ സുരക്ഷാ പേടകത്തിനുള്ളിലെ അതിശയമനുഷ്യരെ ആദരവോടെ സ്വാഗതം ചെയ്തു. സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സ്യൂൾ എന്ന ആ ബഹിരാകാശ പേടകത്തിനു ചുറ്റും നീല ഡോൾഫിനുകളുടെ സംഘനൃത്തം സ്വീകരണ ചടങ്ങിന് മോടി കൂട്ടി.
നമ്മുടെ സുനിതാ വില്യംസ് എന്ന അത്ഭുത വ്യക്തിത്വത്തെപ്പറ്റിയാണ് പറയുന്നത്. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) ഒൻപതു മാസത്തെ, ദീർഘകാല ദൗത്യത്തിനുശേഷം സഹയാത്രികനായ ബുച്ച് വിൽമോറിനൊപ്പമാണ് അവർ സുരക്ഷിതയായി മടങ്ങിയെത്തിയത്!
വില്യംസും വില്മോറും 2024 ജൂണിൽ ബോയിംഗ് സ്റ്റാർലൈനർ ക്യാപ്സ്യൂളിൽ മടക്കയാത്ര ആരംഭിച്ചതാണ്. എന്നാൽ, സ്റ്റാർലൈനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം അവരുടെ മടങ്ങിവരവ് അനന്തമായി വൈകി. 8 ദിവസത്തെ യാത്രയ്ക്കു പോയവർ 270 ദിവസത്തിലധികമാണ് ശൂന്യാകാശത്തിൽ കഴിയേണ്ടിവന്നത്.
400 കിലോമീറ്റർ ഉയരത്തിൽ ഗുരുത്വാകർഷണമില്ലാത്ത ലോകത്ത് വായുവിൽ ഒരു അപ്പൂപ്പൻ താടിപോലെ ഒഴുകിനടന്ന സുനിതയുടെയും വിൽമോറിന്റെയും ശാരീരിക മാനസിക ആരോഗ്യത്തിനായി ലോകം മുഴുവൻ ഒരേ മനസോടെ പ്രാർത്ഥിക്കുകയായിരുന്നു.
ഇന്ത്യക്കാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയക്കാരിയായ ഉർസുലൈൻ ബോണി പാണ്ഡ്യയുടെയും മകളായി 1965 സെപ്റ്റംബർ 19-ന് അമേരിക്കയിലെ ഒഹിയോയിൽ ജനിച്ച സുനിത ലിൻ വില്യംസ്, 1998-ലാണ് നാസയുടെ നേവൽ ഓഫീസറായി മാറിയത്. 2006-ൽ 195 ദിവസങ്ങളും 2012-ൽ 127 ദിവസങ്ങളും 2024-25ലെ അവസാന ദൗത്യത്തിൽ 270 ദിവസങ്ങളും ശൂന്യാകാശത്തിൽ ജീവിച്ച ലോകത്തിലെ ഏക വനിതയാണ് സുനിത വില്യംസ്.
ഏറ്റവും കൂടുതൽ ആകാശനടത്തം നടത്തിയ വ്യക്തിയും ആദ്യമായി സ്പെയ്സ് മാരത്തൺ നടത്തുന്ന സ്ത്രീയും സുനിതയാണ്.
കൂട്ടുകാരേ, സുനിശ്ചിതമായ ലക്ഷ്യബോധവും സുധീരമായ നിശ്ചയദാർഢ്യവും നിരന്തരമായ പരിശ്രമവും ഉണ്ടെങ്കിൽ ഏതു മനുഷ്യനും എവിടെവരെയും ഉയരാം എന്നും ഏതു ലക്ഷ്യവും നേടാം എന്നുമുള്ള വിജയമന്ത്രത്തിന്റെ പാഠപുസ്തകമാണ് സുനിത വില്യംസ്!
അവിചാരിതമായ മാർഗതടസങ്ങൾ അനിയന്ത്രിതമായ ശാരീരിക പ്രതിസന്ധികൾ, എന്നിങ്ങനെ ഒരു മനുഷ്യന് സങ്കല്പിക്കാൻ പോലുമാകാത്ത കഠിനസാഹചര്യങ്ങളിലൂടെ ജീവിതത്തെ നയിച്ചപ്പോഴെല്ലാം സുനിതയെയും വില്മോറിനെയും മുന്നോട്ടു നയിച്ചത് അപ്രതിരോധ്യമായ ദൈവവിശ്വാസമായിരുന്നു.
ഭൂമിയിൽ കാലുകുത്തിയ ഉടനെ ബുച്ച് വിൽമോർ പറഞ്ഞത്, ദൈവം മനസായത് നടക്കും എന്നാണ്. ശൂന്യാകാശത്തിൽ, അപായഭീതിയൂറിയ ഏകാന്തതയിൽ സ്വയം നഷ്ടപ്പെടും എന്നു തോന്നിയപ്പോഴെല്ലാം, ഉറച്ച വിശ്വാസത്തോടെ, ദൈവത്തിൽ ആശ്രയിച്ച ഈ മഹത് വ്യക്തിത്വങ്ങൾ നമുക്കു വലിയ പ്രചോദനവും മാതൃകയുമാണ്. ചെറിയ പ്രയാസങ്ങളിൽപോലും പതറുകയും ചിതറുകയും ചെയ്യുന്ന നമ്മിൽ പലർക്കും സുനിതയും വിൽമോറും അതിജീവനത്തിന്റെ ത്രസിപ്പിക്കുന്ന മാതൃകകളാണ്. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് അസാധ്യമായി ഒന്നുമില്ല എന്ന് എന്നുമോർക്കാം,
ആശംസകളോടെ. സ്വന്തം കൊച്ചേട്ടൻ
ലഹരിക്കെതിരേ ബാലസഖ്യം പ്രവർത്തകർ
മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന സത്യം വിളിച്ചുപറഞ്ഞുകൊണ്ട്, ദീപികയും ദീപിക ബാലസഖ്യവും ഓരോ സ്കൂൾ തല ശാഖയിലും നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും പ്രതിജ്ഞയും ബാലമനസുകളിൽ ഉണർത്തുപാട്ടായി മാറി. പരീക്ഷാക്കാലമാണെങ്കിലും രണ്ടു മിനിറ്റു ദൈർഘ്യമുള്ള ഒരു പ്രതിജ്ഞ ആയിരത്തിലധികം ഡിസിഎൽ സ്കൂളുകളിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾ ഏറ്റുചൊല്ലി.
ലഹരിക്കെതിരേ ബാലലോകത്തെ ബോധവത്കരിക്കാൻ രാപകൽ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കുന്ന അധ്യാപകരോടും മാതാപിതാക്കളോടും സർക്കാരിനോടും മറ്റു നിരവധി സന്നദ്ധസേവന സംവിധാനങ്ങളോടൊപ്പം മലയാളത്തിന്റെ പ്രഥമദിനപത്രമായ ദീപികയും ദീപിക ബാലസഖ്യവും ചേർന്നപ്പോൾ വിദ്യാലയങ്ങളിലും ബാലസഖ്യാംഗങ്ങളിലും അതൊരു ആവേശമായി മാറി.
ഡിസിഎൽ ക്യാന്പുകൾ:രജിസ്ട്രേഷൻ 31 വരെ
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. കോഴിക്കോട് പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 7, 8, 9 തീയതികളിൽ പുതുപ്പാടി മദർ തെരേസ ട്രെയ്നിംഗ് സെന്ററിലും തൊടുപുഴ പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 22, 23, 24 തീയതികളിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും .
കോട്ടയം പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 28, 29 തീയതികളിൽ കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്ററിലും തിരുവന്തപുരം പ്രവിശ്യാ ക്യാന്പ് മേയ് 9, 10 തീയതികളിൽ പാപ്പനംകോട് സെന്റ് മേരീസ് സ്കൂളിലുമാണ് സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. ക്യാന്പുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അതതു ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നന്പരുകൾ: കോഴിക്കോട് - ഫാ. സായ് പാറൻകുളങ്ങര - 9544285018, കോട്ടയം - വർഗീസ് കൊച്ചുകുന്നേൽ - 62382 19465., തൊടുപുഴ - റോയ് ജെ. കല്ലറങ്ങാട്ട് - 9497279347, തിരുവനന്തപുരം - ഇ.വി. വർക്കി - 9349599028.