വന്യജീവി ആക്രമണം: 30 ഹോട്ട് സ്പോട്ടുകളില്‍ ഹിയറിംഗ് നടത്തണമെന്ന് കര്‍ഷക സംഘടനകൾ
Friday, March 21, 2025 1:04 AM IST
കോട്ടയം: വന്യജീവി ആക്രമണങ്ങളിലെ ഹോട്ട് സ്പോട്ടായി വനംവകുപ്പ് കണ്ടെത്തിയ 30 പ്രദേശങ്ങളില്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റി ജനങ്ങളില്‍നിന്നു തെളിവെടുപ്പ് നടത്തി വനംവകുപ്പിന് വന്ന വീഴ്ചകള്‍ ഹൈക്കോടതിയെ അറിയിക്കണമെന്ന് കർഷക സംഘടനകൾ. വന്യജീവി ആക്രമണ മരണങ്ങളില്‍ ഏറ്റവും കുറഞ്ഞത് 87 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.
മനുഷ്യന് വനത്തിനകത്തു കയറുന്നതു മൂലമാണ് വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതെന്ന വനംവകുപ്പിന്റെ നിലപാടിന്റെ അടിസ്ഥാനത്തില്‍ വനത്തിനകത്തെ മുഴുവന്‍ ടൂറിസം പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം. വനത്തിനകത്തെ വനംവകുപ്പിന്റെ മുഴുവന്‍ ടൂറിസ്റ്റ്, ഇന്സ്പെക്ഷന് ബംഗ്ലാവുകളും ഇടിച്ചുനിരത്തണമെന്നും സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റി മെംബര്‍ സെക്രട്ടറിക്ക് നല്കിയ നിവേദനത്തില്‍ കർഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
കര്‍ഷക സംഘടനകളുടെ നേതാക്കളായ ജയിംസ് വടക്കന്‍, അഡ്വ. കെ.വി. ബിജു, ജോയി കണ്ണന്‍ചിറ, റസാക്ക് ചൂരവേലി, അഡ്വ. ബിനോയ് തോമസ്, സിജിമോന് ഫ്രാന്‍സിസ്, അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍, കമല്‍ ജോസഫ്, ജോണ്‍ മാത്യു ചക്കിട്ടയില്‍ എന്നിവരാണ് നിവേദനം നൽകിയത്.
വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള ശക്തമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാവശ്യപ്പെട്ടുള്ള ഫെബ്രുവരി 24ലെ കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് സി.എസ്. ഡയസിന്റെ വിധിയില്‍, വന്യജീവി ആക്രമണ മേഖലകളില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുമായി സഹകരിച്ച് ദുരന്തമേഖലകളിലും ദുരന്തബാധിതര്ക്കിടയിലും സര്‍വേ നടത്തുകയും അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു.
ഈ കേസില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. എം.പി. മാധവന്, അഡ്വ. ലിജി വടക്കേടം എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കര്‍ഷക സംഘടനകള്‍ നിവേദനം നല്‍കിയത്. നിവേദനത്തിന്റെ കോപ്പി അമിക്കസ് ക്യൂറിമാർക്കും നല്കി.