ആ മരക്കഷണം...
Thursday, March 20, 2025 12:47 AM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
“കുരിശിൽ മനസുറപ്പിച്ചുകൊണ്ട് ഉത്ഥാനത്തിലേക്കു പ്രയാണം ചെയ്യുക എന്നതാണ് നോന്പിന്റെ സാരം” (അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിൾ). കുരിശിൽ കാഴ്ച കൂർപ്പിച്ചു നിൽക്കുന്ന ചൈതന്യമാണ് നോന്പ്. ഉത്ഥാനമെന്ന ലക്ഷ്യത്തിലെത്താൻ എത്ര മാത്രം നമ്മുടെ മിഴികളും മനസും കുരിശ് എന്ന യാഥാർഥ്യത്തിൽ ഉറപ്പിക്കപ്പെട്ടിട്ടുണ്ട്?
കുരിശ് വെറുമൊരു വസ്തുവല്ല; നെടുകെയും കുറുകെയും വയ്ക്കപ്പെട്ട സുവിശേഷത്തിന്റെ പേരാണ് കുരിശ്. ആദിദോഷം കൊണ്ടടച്ച സ്വർഗവാതിൽ തുറക്കാൻ ഈശോ തേടിയ മാർഗവും മുന്പുകൊണ്ട കടങ്ങൾ വീട്ടാൻ അൻപൊടു നേടിയ ധനവും കുരിശുതന്നെയായിരുന്നു. അതിനാലാണ് കുരിശിന്റെ നാലു തലങ്ങളിലേക്കും ക്രിസ്തുജീവിതം പടർന്നുപന്തലിച്ചു നിൽക്കുന്നത്.
എന്തിനേറെ അവന്റെ ജനനത്തിന് ഇടം കൊടുത്ത കാലിക്കൂട്ടിലും പിള്ളത്തൊട്ടിയിലുമെല്ലാം ചിതറിക്കിടക്കുന്നത് കാൽവരിയിലെ കുരിശിന്റെ മരച്ചീളുകളാണ്. വധിക്കപ്പെടുന്ന നിഷ്കളങ്കരായ ശിശുക്കളും തലവെട്ടപ്പെടുന്ന യോഹന്നാനുമെല്ലാം നിഷ്കളങ്കന്റെ ബലിയർപ്പണത്തിന്റെ മുന്നൊരുക്കങ്ങൾ തന്നെയായിരുന്നു.
സഹനത്തിന്റെ അടയാളമില്ലാതെ സ്നേഹിച്ചെന്ന് അവകാശപ്പെടാൻ ആർക്കാണ് സാധിക്കുന്നത്? ഈ പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ എന്നതായിരുന്നു അവന്റെ ജീവിതാവബോധം. ഈ തെളിമ ജീവിതത്തിൽ വീണ്ടെടുക്കുന്പോഴാണ് ഓരോ വ്യക്തിയും ജീവിതത്തെ അർഥപൂർണമാക്കുന്നത്. “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ”(മത്തായി 16:24) എന്നാണല്ലോ അവന്റെ ആഹ്വാനം. ഗുരുമൊഴികൾ മനസാ സ്വീകരിക്കുന്നതിലാണ് ശിഷ്യത്വത്തിന്റെ പൂർണത. അവിടെയാണ് നോന്പിന്റെയും ഉപവാസത്തിന്റെയും ദാനധർമത്തിന്റെയും സഹാനുകന്പയുടെയുമെല്ലാം പുണ്യങ്ങൾ പൂക്കുന്നത്.
വീണു കിടക്കേണ്ടവരല്ല
കുരിശുമായി നിലംപൊത്തുന്ന ഓരോയിടത്തും അവിടെനിന്ന് എഴുന്നേൽക്കാനുള്ള ജീവന്റെ പ്രതീക്ഷയായിരുന്നു ആ മനസുനിറയെ. വീണുപോകുന്നവർക്കൊക്കെ നോന്പു നൽകുന്നത് ഈ വിശുദ്ധ പാതയും പാദവുമാണ്. വീണുകിടക്കേണ്ടവരല്ല നമ്മൾ. വീണ്ടെടുക്കപ്പെട്ടതിന്റെ വിലയും നിലയും ഓർത്തുകൊണ്ട് പ്രത്യാശയോടെ എഴുന്നേൽക്കാനും അവന്റെ ഉത്ഥാനം പ്രഘോഷിക്കാനും കഴിയേണ്ടവരാണ്.
മാറായിലെ ജലം കയ്പ്പാണെന്ന് ഇസ്രയേൽ ജനം വിലപി ച്ചപ്പോൾ ആ വെള്ളത്തെ മധുരമുള്ളതാക്കാൻ നിയോഗിക്കപ്പെട്ടത് ഒരു മരക്കഷണമാണ്. അതു പുതിയ നിയമത്തിലെ കുരിശിന്റെ പ്രതീകമാണെന്ന് സഭാപ്രബോധനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഇന്നും ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളെ മധുരതരമായി കാണാനും മാറ്റിയെഴുതാനും ഒരേയൊരു മരക്കഷണത്തിനേ പറ്റൂ അതു കുരിശാണ്; സ്ലീവായാണ്.
രക്ഷാകരമായ കുരിശിലൂടെയാണ് ദിവ്യകാരുണ്യമായി മാറിയ ഈശോ നമ്മുടെ ഉള്ളിലേക്ക് ഇന്നും കടന്നുവരുന്നത്.
"കാൽവരയിൽ പൂത്തുലഞ്ഞ കാലത്തിന്റെ കവിതയായി മാറിയ ഒരു രക്തപുഷ്പം' സകലനൊന്പരങ്ങളും സങ്കടങ്ങളും സങ്കീർത്തനമാക്കാനുള്ള സാധ്യതയാണെന്നു നമ്മെ ഓർമപ്പെടുത്തുന്നു. രക്ഷാകരമായ ഓർമകളോടെ കുരിശിനെയും കുരിശനുഭവങ്ങളെയും നേരിടാനുള്ള ആ വലിയ ചൈതന്യം നമുക്കു സ്വീകരിക്കാം.
"കാൽവരിക്കുന്നിൽ നിന്നേറ്റുവാങ്ങൂ
കാലം കെടുത്താത്ത സ്നേഹനാളം.'