ആംബുലൻസിന്റെ വഴിമുടക്കിയ സ്കൂട്ടർ യാത്രികയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Wednesday, March 19, 2025 2:18 AM IST
കാക്കനാട്: കൈ അറ്റുപോയയാളെ ആലുവയിലെ സ്വകാര്യആശുപത്രിയിൽനിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്ന മെഡിക്കൽ ആംബുലൻസ് കടത്തിവിടാതെ വഴിമുടക്കി ഇരുചക്രവാഹനമോടിച്ച യുവതിയുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
കർണാടക ഹൊസൂർ സ്വദേശിനിയായ യുവതിയാണ് ആംബുലൻസിന് കടന്നുപോകാൻ കഴിയാത്തവിധം വാഹനമോടിച്ചത്.
യോഗ, നൃത്താധ്യാപികയായി കൊച്ചിയിൽ ജോലിചെയ്യുന്ന യുവതിയെ ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ആർടിഒ മനോജിന്റെ നടപടി. ഏഴു വർഷമായി വാഹനം ഓടിച്ചു പരിചയമുള്ളയാളാണ് യുവതിയെന്ന് ആർടിഒ പറഞ്ഞു.
അതേസമയം ഭീതി ജനിപ്പിക്കുംവിധം സൈറൺ മുഴക്കി വന്ന ആംബുലൻസിന്റെ മുന്നിൽപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽപ്പെട്ടുപോയെന്നും മനസിന്റെ നിയന്ത്രണം കൈവിട്ടുപോയെന്നും യുവതി എഴുതി നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
കർണാടകയിൽ മെഡിക്കൽ ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ പ്രത്യേകം സംവിധാനമുണ്ട്. ആംബുലൻസ് കടന്നുവരുന്ന വഴികളിലും രോഗിയുമായി പോകേണ്ട ആശുപത്രിവരെയും ആംബുലൻസിനു മുന്നിൽ പോലീസ് വാഹനം ഉണ്ടാകുമെന്നും യുവതി പറഞ്ഞു.
പേരും വിലാസവും പ്രസിദ്ധപ്പെടുത്തരുതെന്ന് യുവതി ആവശ്യപ്പെട്ടതായും ആർടിഒ അറിയിച്ചു. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആംബുലൻസ് ഡ്രൈവർ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. ആംബുലൻസ് ഡ്രൈവറെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.