കോട്ടയത്ത് രണ്ടരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Thursday, March 20, 2025 2:02 AM IST
കോട്ടയം: കോട്ടയം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഒഡീഷ ഖോര്‍ദ ജില്ലയില്‍ അമാന്‍കുഡ വില്ലേജില്‍ സുനില്‍ ബോയിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് കഞ്ചാവുമായി പിടികൂടിയത്.
ട്രെയിനില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാള്‍. ഈ സമയത്താണ് എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തത്. പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. ഈ ബാഗിനുള്ളില്നിന്നാണ് രണ്ടരക്കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
കോട്ടയം അസി. എക്സൈസ് കമ്മീഷണര്‍ ടി.ഒ. സൂരജിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി. രാജേഷ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ സി. ദാസ്, ഹരിഹരന് പോറ്റി, പ്രവന്റീവ് ഓഫീസര്‍മാരായ നിഫി ജേക്കബ്, കെ.എല്‍. സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്യാം ശശിധരന്, ജി. പ്രദീപ്, അരുണ്‍ ലാല്‍, കെ.വി. സബിത, ബിബിന്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.