കൊച്ചിയിൽ 4.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ
Thursday, March 20, 2025 2:02 AM IST
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. വിദേശത്തുനിന്ന് എത്തിയ രണ്ടു യുവതികളിൽനിന്ന് 15 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വിപണിയിൽ ഇതിന് 4.5 കോടി രൂപ വിലയുണ്ട്.
മോഡലായി ജോലി ചെയ്യുന്ന ഡൽഹി സ്വദേശിനി സ്വാതിയും ജയ്പുർ സ്വദേശിനി മാൻവി ചൗധരിയുമാണ് പിടിയിലായത്. മൂന്നു പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.
ബാങ്കോക്കിൽനിന്ന് തായ് എയർവേസ് വിമാനത്തിലാണ് യുവതികൾ കൊച്ചിയിൽ ഇറങ്ങിയത്. രണ്ടു യുവതികളെയും അറസ്റ്റ് ചെയ്ത് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നെടുമ്പാശേരി വിമാനത്താവളം വഴി യുവതികൾ മുഖേനയുള്ള കഞ്ചാവ് കള്ളക്കടത്ത് തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം മുംബൈ സ്വദേശിനികളായ സഫ , സഹിയ എന്നീ യുവതികളിൽനിന്ന് 1 .5 കിലോഗ്രാം കഞ്ചാവ് പിടിച്ചിരുന്നു. ഇതിന് 44 ലക്ഷം രൂപയാണു വില കണക്കാക്കിയിരുന്നത് . ഈ യുവതികളും ബാങ്കോക്കിൽനിന്നു തായ് എയർവേസ് വിമാനത്തിലാണു വന്നതെന്ന പ്രത്യേകതയുണ്ട്.