തൊഴിലില്ലായ്മയുടെ പേരിൽ ആരെങ്കിലും സമ്മർദത്തിന് അടിമപ്പെട്ടതായി അറിയില്ല: മന്ത്രി
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: കേരളത്തിൽ തൊഴിലില്ലായ്മയുടെ പേരിൽ ആരെങ്കിലും സമ്മർദത്തിന് അടിപ്പെടുന്നതായോ മാനസിക പ്രയാസം ഉണ്ടായി ആളുകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു മന്ത്രി സജി ചെറിയാൻ.
ഇത്തരത്തിൽ ഏതെങ്കിലും പ്രശ്നം ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ പരിശോധിച്ചു പരിഹാരം കാണും. മാനസിക സമ്മർദം ഒരു പ്രശ്നമാണ്. എട്ടു മണിക്കൂർ ജോലി ചെയ്യേണ്ടിടത്ത് 12ഉം 16ഉം മണിക്കൂർ പണിയെടുപ്പിക്കുന്നുണ്ട്.
ഐടി മേഖലയിലും പ്രശ്നങ്ങളുണ്ട്. അതിനാൽ യുവാക്കൾക്കിടയിൽ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. യുവാക്കളിലെ മാനസിക സമ്മർദം പരിഹരിക്കുന്നതിനു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കൗണ്‍സിലിംഗ് ക്ലാസുകൾ നൽകുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.