വിദ്യാര്‍ഥിയുടെ ബാഗിൽ മൊബൈൽ; പ്രിൻസിപ്പലിന്റെ ഉചിതനടപടിക്ക് കോടതിയുടെ പ്രശംസ
Friday, March 21, 2025 2:05 AM IST
കൊച്ചി: മിന്നല്‍ പരിശോധനയിലൂടെ വിദ്യാര്‍ഥികളുടെ ബാഗുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിച്ച സ്കൂള്‍ പ്രിന്‍സിപ്പലിന് ഹൈക്കോടതിയുടെ അഭിനന്ദനം.
കുട്ടികള്‍ സ്കൂളില്‍ വരുന്നത് ഫോണുമായാണെന്ന സംശയത്തെത്തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു വിദ്യാര്‍ഥിയുടെ ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങളും വീഡിയോയും കണ്ടെത്തി.
സഹാധ്യാപകര്‍ വിഷയം പോലീസില്‍ അറിയിക്കാന്‍ മടിച്ചെങ്കിലും പ്രിന്‍സിപ്പല്‍ പരാതി നൽകാൻ തയാറായി. ഇതുപ്രകാരം പാലക്കാട് ടൗണ്‍ പോലീസ്, കുട്ടികൾക്കു മൊബൈൽ നൽകിയ 24കാരനായ അജയ്കൃഷ്ണ എന്ന നന്ദുവിനെതിരേ കേസെടുക്കുകയും ചെയ്തു.
കുട്ടികള്‍ക്കെതിരേ പരാതി നല്‍കാതെ കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ച പാലക്കാട് എലപ്പുള്ളി സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതൃകാപരമായ പ്രവൃത്തിയാണു ചെയ്തതെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് അഭിനന്ദിച്ചത്.
സ്കൂളിന്റെ നാല് ചുമരുകള്‍ക്കകത്ത് അധ്യാപകര്‍ക്കുതന്നെ വിദ്യാര്ഥികള്ക്കെതിരേ ഉചിതനടപടി സ്വീകരിക്കാമെന്ന് മുമ്പ് പുറപ്പെടുവിച്ച ഉത്തരവും കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് പ്രിന്‍സിപ്പലിന് അയച്ചുനല്‍കാന്‍ രജിസ്ട്രിക്ക് നിര്‍ദേശവും നല്കി.
അജയ്കൃഷ്ണ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരനെതിരേ ചുമത്തിയിരിക്കുന്നത് അഞ്ചു വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണെന്നത് കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.