കെ.ഇ. ഇസ്മയിലിനെ സസ്പെൻഡ് ചെയ്യാൻ സിപിഐ തീരുമാനം
Friday, March 21, 2025 2:05 AM IST
തിരുവനന്തപുരം: പാർട്ടി മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുതിർന്ന നേതാവുമായ കെ.ഇ. ഇസ്മയിലിനെ ആറുമാസത്തേക്കു സസ്പെൻഡ് ചെയ്യാൻ ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടപ്പാക്കും.
പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്മയിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് അച്ചടക്ക നടപടി. നിലവിൽ പാലക്കാട് ജില്ലാ കൗണ്‍സിലിൽ ക്ഷണിതാവാണ് ഇസ്മയിൽ.
സാന്പത്തിക ആരോപണത്തിൽ പി. രാജുവിനെതിരേ സിപിഐ നേരത്തേ നടപടിയെടുത്തിയിരുന്നു. രാജുവിന്റെ മരണത്തെത്തുടർന്ന് കെ.ഇ. ഇസ്മയിൽ നടത്തിയ പരാമർശം സിപിഐയിൽ വലിയ വിവാദവുമുണ്ടാക്കി. പാർട്ടി നടപടിയിൽ രാജുവിനു വലിയ വിഷമമുണ്ടായിരുന്നെന്നും കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ ശേഷം പാർട്ടിയിൽ തിരിച്ചെടുക്കാൻ നേതൃത്വം തയാറായില്ലെന്നും മാധ്യമങ്ങളോട് ഇസ്മയിൽ പ്രതികരിച്ചിരുന്നു.
ഇസ്മയിലിന്റെ ഈ പ്രതികരണത്തിനു ശേഷമാണ് രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കേണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞത്. ഇതു പാർട്ടി എറണാകുളം ജില്ലാ കൗണ്‍സിലിൽ വലിയ വിവാദത്തിനു വഴിതെളിച്ചു.
പിന്നാലെ ഇസ്മയിലിനെതിരേ പാർട്ടി അന്വേഷണവും തീരുമാനിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന സിപിഐ എക്സിക്യൂട്ടീവ് യോഗം ഇസ്മയിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ, വിവരങ്ങൾ അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് കെ.ഇ. ഇസ്മയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഇസ്മയിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന അഭിപ്രായവും ചില അംഗങ്ങൾ പ്രകടിപ്പിച്ചു. എക്സിക്യൂട്ടീവിന്റെ നടപടി അടുത്തമാസം എട്ട്, ഒൻപത് തീയതികളിൽ ചേരുന്ന പാർട്ടി സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ റിപ്പോർട്ടു ചെയ്യും.