കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ ദിവംഗതനായിട്ട് ഞായറാഴ്ച 25 വര്‍ഷം
Friday, March 21, 2025 1:04 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും സീറോമലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ ദിവംഗതനായിട്ട് 25 വര്‍ഷമാകുന്നു. 2000 മാര്‍ച്ച് 23നാണ് അദ്ദേഹം ഓർമയായത്.
ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനെന്ന നിലയില്‍ 1955ൽ ഊട്ടി രൂപതയുടെ ബിഷപ്പായ മാര്‍ ആന്റണി പടിയറ 15 വര്‍ഷം കഴിഞ്ഞ് ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റു.
തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലിന്റെ പിന്‍ഗാമിയായി എറണാകുളം അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി. സീറോമലബാര്‍ സഭ വ്യക്തിസഭയായി ഉയര്ത്തപ്പെട്ടപ്പോള് പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ് സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു.
കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, സീറോമലബാര്‍ ബിഷപ്സ് കൗണ്‍സില്‍ എന്നിവയ്ക്കും മാർ പടിയറ നേതൃത്വം നല്കി.
പത്തിലേറെ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം തികഞ്ഞ നര്മബോധത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ നര്മങ്ങള് കോര്‍ത്തിണക്കി ‘പടിയറ ഫലിതങ്ങള്‍’എന്ന പേരില്‍ ജസ്റ്റീസ് വര്‍ഗീസ് ടി. ഏബ്രഹാം പ്രസിദ്ധീകരിച്ച പുസ്തകം ഏറെ ശ്രദ്ധപിടിച്ചുപറ്റി.
അമലോത്ഭവ മാതാവിന്റെ പ്രേഷിതസഹോദരികള്‍ (എഎസ്എംഐ) എന്നപേരില്‍ മാര്‍ പടിയറ സ്ഥാപിച്ച സന്യാസനീ സഭ ശുശ്രൂഷാ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. പത്മശ്രീ പുരസ്കാരം നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു
മാര്‍ ആന്റണി പടിയറയുടെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാളെ രാവിലെ ഏഴിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണശുശ്രൂഷകളും ഉണ്ടായിരിക്കും.