യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച 25ന്
Friday, March 21, 2025 1:04 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച 25ന് ലബനനിലെ പാത്രിയാര്‍ക്കാ അരമന കത്തീഡ്രലില്‍ നടക്കും.
മലങ്കര മെത്രാപ്പോലീത്തയും എപ്പിസ്കോപ്പല്‍ സൂനഹദോസ് പ്രസിഡന്റുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ വാഴിക്കും.
30ന് ഉച്ചകഴിഞ്ഞു 2.15ന് നെടുമ്പാശേരിയില്‍ എത്തിച്ചേരുന്ന കാതോലിക്കാബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ എത്തിച്ചേരും.
മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിടത്തില്‍ പ്രാര്‍ഥനകള്‍ നടത്തും. തുടര്‍ന്ന് പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി എത്തുന്ന ബേയ്റൂട്ട് ആര്‍ച്ച്ബിഷപ് മാര്‍ ഡാനിയേല്‍ ക്ലീമിസിന്റെയും ഹോംസിന്റെ ആര്‍ച്ച്ബിഷപ് മാര്‍ തിമോത്തിയോസ് മത്താ അല്‍ഖുറിയുടെയും നേതൃത്വത്തില്‍ മലങ്കരയിലെ എല്ലാ സുറിയാനിസഭാ മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
വൈകുന്നേരം 4.30ന് ബസേലിയോസ് തോമസ് പ്രഥമന്‍ നഗറില്‍ നടക്കുന്ന അനുമോദന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ- സാമുദായിക നേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ അന്തിമോസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്, ട്രസ്റ്റി തമ്പു ജോർജ് തുകലന്‍, ജേക്കബ് സി. മാത്യു, ഗ്ലീസണ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
ലബനനിലേക്ക് പ്രതിനിധിസംഘം; ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാവാഴ്ച ചടങ്ങില്‍ സംബന്ധിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ ലബനനിലേക്ക് അയയ്ക്കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
പ്രതിനിധിസംഘത്തെ അയയ്ക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാശ്യപ്പെട്ട് തൃശൂര്‍ കുന്നംകുളം സ്വദേശി ഗില്‍ബര്‍ട്ട് ചീരന്‍ നല്കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.
ചടങ്ങിലേക്ക് സംസ്ഥാനസര്‍ക്കാര്‍ പൊതുപ്പണം ഉപയോഗിച്ച് മന്ത്രിമാരെയും എംഎല്‍എമാരെയും അയയ്ക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണു ഹര്‍ജിക്കാരന്റെ വാദം.