നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വീണ്ടും തടസപ്പെടുത്തി
Friday, March 21, 2025 2:05 AM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാക്കൗട്ട് പ്രസംഗത്തിനിടെ ഭരണപക്ഷത്തിന്റെ തുടർച്ചയായ ബഹളം. സ്പീക്കർ പലതവണ ഇടപെട്ടാണ് ഭരണപക്ഷത്തെ സീറ്റിലിരുത്തിയത്. സഭയിൽ ഇത്തരം നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുന്നതെങ്കിൽ സഭാ നടപടികളുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം ഉയർത്തണമെന്നാവശ്യപ്പെട്ടുള്ള നജീബ് കാന്തപുരത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള വാക്കൗട്ട് പ്രസംഗത്തിന്റെ അവസാനഘട്ടത്തിലാണ് ഭരണപക്ഷത്തുനിന്നും തുടർച്ചയായ തടസപ്പെടുത്തൽ ഉണ്ടായത്. ഭരണപക്ഷ അംഗങ്ങൾ സീറ്റിൽ എഴുന്നേറ്റു നിന്നു പ്രതിപക്ഷ നേതാവിനെതിരേ പ്രതിഷേധിച്ചു. മന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷത്തു നിന്ന ആരുമെഴുന്നേറ്റില്ലെന്നും ഭരണപക്ഷ അംഗങ്ങൾ സീറ്റിലിരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
ഭരണപക്ഷ അംഗങ്ങൾ സീറ്റിൽനിന്ന് എഴുന്നേറ്റു ബഹളം കൂട്ടിയതിനു പിന്നാലെ പ്രതിപക്ഷത്തെ പിൻനിരയിൽനിന്നുള്ളവർ മുന്നിലേക്ക് എത്തി.
നീതിക്കായുള്ള സമരമായതിനാലാണ് ആശാ പ്രവർത്തകരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതോടെയാണ് ഭരണപക്ഷത്തെ പിൻനിരക്കാർ പ്രതിഷേധിച്ചത്. ബിജെപി നേതാക്കൾക്കൊപ്പം യുഡിഎഫ് നേതാക്കൾ ആശാ വർക്കർമാരുടെ സമരത്തിൽ പോയെന്ന മന്ത്രി പി. രാജീവിന്റെ പരാമർശത്തിനു മറുപടി നല്കി പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോഴും ബഹളമായി. വിഴിഞ്ഞത്ത് ബിജെപി ജില്ലാ സെക്രട്ടറി വി.വി. രാജേഷും സിപിഎം സെക്രട്ടറി ആനാവൂർ നാഗപ്പനും ഒരുമിച്ചു പ്രതിഷേധ സമരം നയിച്ചത് ഓർക്കുന്നില്ലേ എന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആറന്മുളയിൽ കുമ്മനം രാജശേഖരനും എം.എ. ബേബിയും ഒരുമിച്ചാണ് സമരത്തിനിരുന്നത്. പാലക്കാട്ട് പാതിരാനാടകം നടത്തിയപ്പോൾ സമരം ചെയ്തത് എ.എ. റഹീമും വി.വി. രാജേഷും ഒരുമിച്ചായിരുന്നു എന്നു കൂടി പ്രതിപക്ഷ നേതാവു പറഞ്ഞതോടെ വീണ്ടും ഭരണപക്ഷത്തു നിന്നു ബഹളമുണ്ടായി.
തന്റെ പ്രസംഗത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഭരണപക്ഷം ബഹളം വയ്ക്കുകയായിരുന്നുവെന്നും സ്പീക്കർ തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും സതീശൻ പറഞ്ഞു. നജീബ് കാന്തപുരം വിഷയം അവതരിപ്പിച്ചപ്പോഴും താൻ പ്രസംഗിച്ചപ്പോഴും പ്രതിപക്ഷ ബഹളമായിരുന്നു.
ഇങ്ങനെയാണെങ്കിൽ തങ്ങൾ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും മന്ത്രിമാരെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.