സംസ്ഥാന പദ്ധതിയുടെ 79 ശതമാനം ചെലവഴിച്ചു
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപന വിഹിതം ഉൾപ്പെടെയുള്ള സംസ്ഥാന പദ്ധതി ചെലവ് 79 ശതമാനമായതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ആകെയുള്ള 30,370 കോടി രൂപയിൽ ഇതിനകം 24,006 കോടി രൂപ ട്രഷറിയിൽനിന്നു ചെലവായിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ ചെലവുകൾ ഒഴിവാക്കിയുള്ള സംസ്ഥാന പദ്ധതി ചെലവ് 73 ശതമാനം കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ 94.5 ശതമാനം ഇപ്പോൾതന്നെ ട്രഷറിയിൽനിന്നു ചെലവഴിച്ചു. അതായത് 8,532 കോടി തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തിയതിൽ 8,061 കോടി രൂപ ഇതിനകം ചെലവായിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ചെലവിൽ മാത്രമാണ് അൽപം കുറവുള്ളത്. 8,516 കോടി രൂപ വകയിരുത്തിയതിൽ 3,317 കോടി രൂപയാണ് ചെലവുള്ളത്. കേന്ദ്ര പദ്ധതികളുടെ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതാണ് പദ്ധതി നിർവഹണത്തിന് തടസമാകുന്നത്. ഈ വർഷം പദ്ധതി നിർവഹണം ലക്ഷ്യത്തിലേക്കെത്തുമെന്നും മന്ത്രി പറഞ്ഞു.
നാലു വർഷമായി സർക്കാരിന്റെ ശരാശരി വാർഷിക പൊതുചെലവ് 1.65 ലക്ഷം കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.15 ലക്ഷം കോടി രൂപയായിരുന്നു. അതിന് മുന്പ് യുഡിഎഫ് സർക്കാരിന്റെ അഞ്ചു വർഷക്കാലം ഇത് 68,000 കോടി രൂപയായിരുന്നു. വരുമാനവും ചെലവും ഉയർത്തി സംസ്ഥാനത്തിന്റെ എല്ലാ മേഖലയ്ക്കും മതിയായ പരിഗണന ലഭ്യമാക്കുന്ന ധനമാനേജ്മെന്റാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചർച്ചയ്ക്കു ശേഷം ധനകാര്യ ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു.
നദികളിൽനിന്നു മണൽ ഖനനം ചെയ്യുന്നില്ല
സംസ്ഥാനത്തെ നദികളിൽനിന്നു ജലസേചന വകുപ്പ് മണൽ ഖനനം ചെയ്യുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. നദികളിലെ എക്കലും ചെളിയും നീക്കുകയാണ് ഇറിഗേഷൻ വകുപ്പു ചെയ്യുന്നത്. നദികളുടെ അടിത്തട്ടിൽനിന്നു മൂന്നു കോടി ഘനമീറ്റർ എക്കൽ നീക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുകോടി ഘനമീറ്റർ ഇതുവരെ മാറ്റി. ഇങ്ങനെ മാറ്റിയ എക്കൽ കരയിൽനിന്നു നീക്കാനാകാത്ത പ്രതിസന്ധിയുമുണ്ട്.
ഡാമുകൾക്കു സമീപത്തു നിർമാണ പ്രവർത്തനങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞവർഷം സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ആവശ്യമെങ്കിൽ പരിഷ്കരിക്കും. ജനജീവിതത്തെ ബാധിക്കാതെയും നിലവിലുള്ള നിർമാണത്തിനു തടസം വരാതെയും കുടിവെള്ള പ്രശ്നം ഉണ്ടാകാതെയും നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെറുതേകിടക്കുന്ന സ്ഥലങ്ങൾ കളിസ്ഥലങ്ങളാക്കുന്നത് പരിഗണനയിൽ
ജലസേചന വകുപ്പിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കളിസ്ഥലങ്ങളാക്കുന്നതു സർക്കാർ ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വകുപ്പിന്റെ പല സ്ഥലങ്ങളും ഇപ്പോൾതന്നെ വോളിബോൾ, ഫുട്ബോൾ കോർട്ടുകളാണ്. അതിനെ പ്രോത്സാഹിപ്പിക്കും. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ അപേക്ഷ നൽകിയാൽ വ്യവസ്ഥകളോടെ അനുമതി നൽകുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കായി 15 കോടിയുടെ പദ്ധതി നടപ്പാക്കും
ആഴക്കടൽ മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിനായി പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 15 കോടിയുടെ പദ്ധതി നടപ്പാക്കുന്നതായി മന്ത്രി സജി ചെറിയാൻ. യൂണിറ്റിന് 1.50 കോടി രൂപ വിലയുള്ള 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ 10 പേർ വീതം അടങ്ങുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്കു നൽകുന്നതാണു പദ്ധതി. കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഉടുപ്പിയിലുള്ള മാൽപെ കപ്പൽ നിർമാണശാലയിൽ നിർമാണം പൂർത്തിയാക്കിയ ആറു ബോട്ടുകൾ രജിസ്ട്രേഷൻ, ഇൻഷ്വറൻസ് നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങൾക്കു വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള നാലെണ്ണംകൂടി ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
13 പിന്നാക്ക വിഭാഗങ്ങളെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 13 പിന്നാക്ക വിഭാഗങ്ങളെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതായി മന്ത്രി ഒ.ആർ. കേളുവിനു പകരം മന്ത്രി പി. രാജീവ് പറഞ്ഞു. എസ്ഐയുസി ഒഴികെ ക്രിസ്തുമതത്തിൽ ഉൾപ്പെടുന്ന നാടാർ സമുദായം, കുമാര ക്ഷത്രിയ, ഗുരുക്കൾ, ഹിന്ദുചെട്ടി, പപ്പടചെട്ടി, പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയാച്ചി ഗൗണ്ടർ, കാവലിയ ഗൗണ്ടർ, ദാസ, പാർക്കവകുലം, കല്ലാർ, കല്ലാൻ (ഇസനാട്ട് കല്ലാർ ഉൾപ്പെടെ) എന്നീ സമുദായങ്ങയൊണ് പിന്നാക്കവിഭാഗ പട്ടികയിൽ ഉൾപ്പെടുത്തിയത്. സർക്കാർ അധികാരത്തിൽ വരുന്പോൾ ആകെ 85 സമുദായങ്ങളാണു പട്ടികയിൽ ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടും
പരിസ്ഥിതി നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. വിദേശത്ത് പലയിടത്തും കടലിൽ റിസോർട്ടുകളും വിമാനത്താവളത്തിന്റെ റണ്വേകളുമുണ്ട്. ഇടുക്കിയിൽ ക്വാറികൾക്ക് 51 അപേക്ഷ കിട്ടിയെങ്കിലും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളും 47 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലകളുമായതിനാൽ എല്ലാത്തിനും അനുമതി നൽകാനാകില്ല. മൂന്നെണ്ണത്തിന് ഇതുവരെ അനുമതി നൽകി. ക്വാറിക്കുള്ള അപേക്ഷകളിൽ ചട്ടപ്രകാരം വേഗത്തിൽ അനുമതി നൽകുമെന്നും വാഴൂർ സോമന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കായലിലെ ചെളിയും എക്കലും ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്നതു പരിഗണനയിൽ
വേന്പനാട്ടു കായലിൽ വൻതോതിൽ അടിഞ്ഞു കൂടിയ ചെളിയും എക്കലും നീക്കി ദേശീയപാത നിർമാണത്തിനായി ദേശീയപാത അഥോറിറ്റിക്കു കൈമാറുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. വേന്പനാട്ടു കായലിലെ ചെളിയും എക്കലും നീക്കുന്നതിന് 6.13 കോടിയുടെ വിശദപഠന റിപ്പോർട്ട് സർക്കാരിനു ലഭിച്ചിട്ടുണ്ട്. 25 ലക്ഷം എംക്യൂബ് ചെളിയും എക്കലും വേന്പനാട്ടു കായലിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ദേശീയപാത നിർമാണത്തിനൊപ്പം ചെല്ലാനത്ത് ബീച്ച് നിർമിക്കുന്നതിനും എക്കലും ചെളിയും ഉപയോഗിക്കുന്നതും ചർച്ച ചെയ്തിരുന്നതായും കെ. ബാബു വിന്റെ (തൃപ്പൂണിത്തുറ) ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.
തോട്ടണ്ടി സംഭരിച്ച് വില്പന നഷ്ടമുണ്ടാക്കുന്നുവെന്ന് മന്ത്രി
തോട്ടണ്ടി കിലോയ്ക്ക് 140 രൂപ അടിസ്ഥാന വിലയാക്കി സംഭരിച്ചിട്ടും സംസ്കരിച്ചു പരിപ്പാക്കി വിൽക്കുന്പോൾ നഷ്ടമുണ്ടാകുന്നതായി മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. തോട്ടണ്ടി പരമാവധി ഉയർന്ന വിലയ്ക്ക് സംഭരിക്കാനാണ് ശ്രമിക്കുന്നത്. 20,000 ടണ് തോട്ടണ്ടി ഇറക്കുമതി ചെയ്തു. 48,135 ഹെക്ടറിൽ കശുമാവ് കൃഷി പുതുതായി നടത്തി. കശുമാങ്ങയിൽനിന്നു വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതു വിശദമായി ചർച്ച ചെയ്യുമെന്നും സജീവ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
പട്ടികജാതി-വർഗ വികസന കോർപറേഷൻ പുനഃസംഘടിപ്പിക്കും
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് (ഐഎംജി) നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ പുനഃസംഘടിപ്പിക്കുന്നതു സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മന്ത്രി ഒ.ആർ. കേളുവിന് വേണ്ടി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. 50 വർഷമായി തുടരുന്ന സ്റ്റാഫ് പാറ്റേണ് പരിഷ്കരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു യു.ആർ. പ്രദീപിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.