ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ; പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
Thursday, March 20, 2025 2:02 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ കേസില്‍ പിടിയിലായ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറിയ പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് കാസിപാര സ്വദേശികളായ സൊഹൈല്‍ ഷേഖ് (25), യെഹീന്ത മണ്ഡല് (26) എന്നിവരാണ് കളമശേരി പോലീസിന്റെ പിടിയിലായത്.
ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന പ്രതികളെ മുവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്നിന്നാണു പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്ന ഇവരുടെ സംഘത്തലവനായി പോലീസ് അന്വേഷണം ഊജിതമാക്കി.
ഒഡീഷയില്‍നിന്നു ട്രെയിന്‍മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് ആലുവ മേഖല കേന്ദ്രീകരിച്ചാണു പ്രതികള്‍ വില്പന നടത്തിയിരുന്നത്. അറസ്റ്റിലായ പ്രതികള്‍ കെട്ടിടനിര്‍മാണ തൊഴിലാളികളാണ്.
കേസിനു പിന്നാലെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാർഥിയും കെഎസ്യു നേതാവുമായിരുന്ന ഷാലിഖിന്റെ വീടിനു സമീപമാണ് ഇരുവരും താമസിച്ചിരുന്നത്. നാലു കിലോ കഞ്ചാവാണ് ഇവര്‍ ഷാലിഖിനു കൈമാറിയത്.
ജോലി തേടി ആലുവയിലെത്തിയ ഇവര്‍ കെട്ടിടനിര്‍മാണ ജോലിക്കിടെയാണു പശ്ചിമബംഗാള്‍ സ്വദേശി നിയന്ത്രിക്കുന്ന കഞ്ചാവ് മാഫിയാ സംഘത്തിന്റെ ഭാഗമായത്. പ്രതികള്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ മറ്റിടങ്ങളിലേക്കോ കഞ്ചാവ് വിറ്റിരുന്നോയെന്നും ഇവര്‍ക്ക് ആരൊക്കെയായി കഞ്ചാവ് ലഹരി ഇടപാടുണ്ട് എന്നുമുള്ള കാര്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.