പയ്യന്നൂർ കൈതപ്രത്ത് ഓട്ടോ ഡ്രൈവറെ വെടിവച്ചു കൊന്നു; പ്രതി കസ്റ്റഡിയിൽ
Friday, March 21, 2025 2:05 AM IST
പരിയാരം (കണ്ണൂർ): പയ്യന്നൂരിനടുത്ത് കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവച്ചു കൊന്നു. പുനിയങ്കോട് സ്വദേശി കാരോമൽ കോറോത്ത് വീട്ടിൽ രാധാകൃഷ്ണൻ (55)ആണു കൊല്ലപ്പെട്ടത്.
കൈതപ്രത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ വരാന്തയിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെരുന്പടവ് അടുക്കം സ്വദേശി എൻ.കെ. സന്തോഷിനെ സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഇവിടെനിന്ന് ചെറിയ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. പ്രതിക്കു സ്വന്തമായി ലൈസൻസ്ഡ് തോക്ക് ഉള്ളതാണോ അതോ മറ്റാരുടെയെങ്കിലും തോക്ക് ഇയാൾ ഉപയോഗിക്കുന്നതാണോയെന്നു വ്യക്തമായിട്ടില്ല.
കൊല്ലപ്പെട്ട രാധാകൃഷ്ണനും സന്തോഷുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. നേരത്തേ സന്തോഷിനെതിരേ രാധാകൃഷ്ണൻ പോലീസിൽ പരാതി നൽകിയതായും പറയുന്നു. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്കു മുന്പ് രാധാകൃഷ്ണനെതിരേ സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നതായും കാണപ്പെട്ടു.
നാരായണൻ നായർ- കല്യാണിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ് മരിച്ച രാധാകൃഷ്ണൻ. ഭാര്യ: മിനി നമ്പ്യാർ (ബിജെപി നേതാവ്). മക്കൾ: അർപിത്, അമർനാഥ് (വിദ്യാർഥികൾ).